തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും മുന്‍തൂക്കം നേടുമെങ്കിലും ഇടതു പക്ഷം അപ്രതീക്ഷിത വിജയങ്ങള്‍ നേടും. വോട്ടിംഗിലെ കുറവ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും പ്രതീക്ഷയാണ് നല്‍കുന്നത്. ആറ്റിങ്ങലിലും കണ്ണൂരും വടകരയിലും കാസര്‍ഗോഡും ആലത്തൂരും സി.പി.എം വിജയിക്കും. തൃശൂരില്‍ വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ അരുണ്‍കുമാറും സി.പി.ഐയില്‍ നിന്നും ജയിച്ച് ലോക്‌സഭയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. പോളിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കുറയ്ക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും ഭൂരിപക്ഷക്കുറവുണ്ടാകും. ബി.ജെ.പി ഇത്തവണയും ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നും അക്കൗണ്ട് തുറക്കില്ല. ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നും ക്രമാതീതമായി പോളിംഗ് ഉയരാത്തതാണ് ഇതിന് കാരണം. ബി.ജെ.പി ജയിക്കുമന്ന ഭയത്തില്‍ വന്‍തോതില്‍ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും തിരുവനന്തപുരത്തും തൃശൂരിലും ഉണ്ടായി. തിരുവനന്തപുരത്ത് ഇത് ശശി തരൂരിന് തുണയാകും. തൃശൂരില്‍ ജനകീയ മുഖമായി വി.എസ്.സുനില്‍കുമാര്‍ മാറും.
തിരുവനന്തപുരം
2019ല്‍ തിരുവനന്തപുരത്ത് 73.66 ആയിരുന്നു പോളിംഗ് ശതമാനം. വന്‍ ഭൂരിപക്ഷത്തിനായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ ശശി തരൂരിന്റെ വിജയം. 2024ല്‍ അതില്‍ കൂടുതല്‍ പ്രചരണ ചൂട് തരൂരിന് നേരിടേണ്ടി വന്നു. പക്ഷേ ആ ചൂട് വോട്ടിംഗില്‍ പ്രതിഫലിക്കുന്നില്ല.
ബി.ജെ.പിക്കായി രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിയ പ്രചരണ ആവേശം വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്തിയില്ലെന്ന് സാരം. തരൂരിന്റെ ശക്തി കേന്ദ്രങ്ങളായ തീരത്തും ഗ്രാമങ്ങളിലും പോളിംഗ് കുറഞ്ഞതുമില്ല. ക്രൈസ്തവ ന്യൂനപക്ഷങ്ങളും തരൂരിനെ കൈവിട്ടില്ലെന്നതിന് തെളിവുകള്‍ തീരങ്ങളില്‍ കാണാം. സി.പി.ഐയുടെ പന്ന്യന്‍ രവീന്ദ്രന് മുന്‍തൂക്കം നല്‍കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ആരും തയ്യാറല്ല. തരൂര്‍ ജയിച്ചു കയറുമെന്ന സൂചന തന്നെയാണ് പോളിംഗ് ശതമാനവും നല്‍കുന്ന സൂചന.
ആറ്റിങ്ങല്‍
74.40 ശതമാനമായിരുന്നു ആറ്റിങ്ങലിലെ 2019ലെ വോട്ടിംഗ് ശതമാനം. എന്നാല്‍ ഇപ്പോള്‍ അത് 69.36 ആയി മാറുന്നു. വലിയ കുറവ് ഇവിടേയും സംഭവിക്കുന്നു. പരമ്പരാഗത സി.പി.എം മണ്ഡലമാണ് ആറ്റിങ്ങല്‍. ഇവിടെ കഴിഞ്ഞ തവണ അട്ടിമറി വിജയം അടൂര്‍ പ്രകാശ് നേടി
ബി.ജെ.പിക്കായി ശോഭാ സുരേന്ദ്രനായിരുന്നു 2019ല്‍ മത്സരിച്ചത്. ഇത്തവണ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എത്തി. അടൂര്‍ പ്രകാശിനും മുരളീധരനും എതിരായി സി.പി.എം നിയോഗിച്ചത് ജില്ലാ സെക്രട്ടറി വി.ജോയിയേയും. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ പാര്‍ട്ടി വോട്ടുകളെല്ലാം പെട്ടിയിലായി. അതിനാല്‍ പോളിംഗ് കുറയുന്നതിന്റെ ആശങ്ക സി.പി.എമ്മിനില്ല. ബി.ജെ.പി ഉയര്‍ത്തിയ പ്രചരണ കോലാഹലം ആറ്റിങ്ങലിനെ ബാധിച്ചുമില്ല. അതിനാല്‍ ജോയിയ്ക്ക് തന്നെയാണ് ആറ്റിങ്ങലില്‍ സന്തോഷം കൂടുന്നത്.
കൊല്ലം
പോളിംഗ് ശതമാനം കൊല്ലത്തും കുറഞ്ഞു. അന്തിമ കണക്കുകള്‍ വരുമ്പോള്‍ കുറച്ചു ഉയരാം. എങ്കിലും 2019ലെ 74.66 ശതമാനം എത്താന്‍ സാധ്യത കുറവാണ്. കൊല്ലത്ത് പ്രേമലുവും പ്രേമയുഗവുമെല്ലാണ് പ്രചരണ കാലത്ത് ചര്‍ച്ചയായത്. അടിയൊഴുക്കുകള്‍ അതിശക്തമാണെങ്കില്‍ മാത്രമേ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ വീഴൂ.
കൊല്ലം എം.എല്‍.എ നടന്‍ എം.മുകേഷും ബി.ജെ.പിക്കായി നടന്‍ കൃഷ്ണകുമാറും പ്രചരണത്തില്‍ താര പരിവേഷവുമായി മുന്നേറിയെങ്കിലും വോട്ടിംഗില്‍ അത് പ്രതിഫലിച്ചില്ല. പരമ്പരാഗത വോട്ടുകളുമായി പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലേക്ക് ഹാട്രിക് അടിക്കാന്‍ തന്നെയാണ് 2024ലും സാധ്യത.
പത്തനംതിട്ട
ശബരിമലയുടെ മണ്ണാണിത്. ബി.ജെ.പി അനില്‍ ആന്റണിയെ ഇറക്കിയത് ക്രൈസ്തവ വോട്ടുകള്‍ കൂട്ടത്തോടെ നേടാനാണ്. അണികളില്‍ ആവേശമാകാനായിരുന്നു തോമസ് ഐസക്കിനെ പത്തനംതിട്ടയിലേക്ക് സി.പി.എം നിയോഗിച്ചത്. പക്ഷേ ഇതൊന്നും പത്തനംതിട്ടയില്‍ വോട്ടിംഗ് ശതമാനത്തില്‍ പ്രതിഫലിച്ചില്ല.
പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലത്തില്‍ അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയ്ക്ക് നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
മാവേലിക്കര
മാവേലിക്കരയിലെ പോളിംഗ് കുറഞ്ഞു. സിറ്റിംഗ് എംപിയായ കൊടിക്കുന്നില്‍ സുരേഷിന് നിരവധി എതിര്‍പ്പുകള്‍ മണ്ഡലത്തിലുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പോലും ഭിന്നത ശക്തം. അതുകൊണ്ട് തന്നെ പോളിംഗിലെ വലിയ കുറവ് കൊടിക്കുന്നിലിന് വിനയായേക്കും.
സി.പി.ഐയുടെ സീറ്റില്‍ യുവ നേതാവ് സി. എ. അരുണ്‍കുമാര്‍ പ്രചരണത്തിലും ഏറെ മുന്നേറി. നാടകം പറഞ്ഞും കളി തമാശകളുമായുള്ള അരുണ്‍കുമാറിന്റേ വേറിട്ട ശൈലി ഈ മണ്ഡലത്തില്‍ ഇടതിന് മുന്‍തുക്കം നല്‍കുന്നു.
ആലപ്പുഴ
കെ.സി.വേണുഗോപാല്‍ ജയിക്കാനാണ് സാധ്യത. ഇവിടേയും വോട്ടിംഗ് ശതമാനം കുറഞ്ഞു. എണ്‍പത് ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വോട്ടിംഗ്. ഇത് 75ല്‍ താഴേക്ക് പോകുന്നു. കെ.സി ഫാക്ടറിന് ആലപ്പുഴയില്‍ പ്രാധാന്യം ഉണ്ട്. ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന്‍ കത്തി കയറുകയും ചെയ്യും.
ഇതിനിടെയില്‍ ആലപ്പുഴയിലെ സി.പി.എം സിറ്റിംഗ് എം.പി ആരിഫ് പെട്ടുപോകാനാണ് സാധ്യത. ന്യൂനപക്ഷങ്ങളില്‍ കെസിയ്ക്കുള്ള സ്വാധീനമാണ് ഈ സിപിഎം പ്രതിസന്ധിക്ക് കാരണം.
കോട്ടയം
ഉമ്മന്‍ചാണ്ടിയില്ലാത്ത കോട്ടയത്ത് യുഡിഎഫിന് ജയം ഉറപ്പിക്കാം. പത്ത് ശതമാനത്തോളും വോട്ടിംഗ് ശതമാനം 2019നെ അപേക്ഷിച്ച് ഇത്തവണ കുറഞ്ഞു. അപ്പോഴും കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പും മറ്റും സൃഷ്ടിച്ച സാഹചര്യത്തിലും കോണ്‍ഗ്രസിന് പരമ്പരാഗത വോട്ടു ബാങ്ക് നിലനിര്‍ത്താനായി.
ബി.ഡി.ജെ.എസിനായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചതും സി.പി.എമ്മിന്റെ പരമ്പരാഗത ഈഴവ വോട്ടു ബാങ്കില്‍ വിള്ളലായി. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസ് മാണിയില്‍ നിന്നുള്ള സിറ്റിംഗ് എം.പി തോമസ് ചാഴിക്കാടന് തിരിച്ചടിയുണ്ടാകാനാണ് സാധ്യത. ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയം എം.പിയാകുമെന്ന വിലയിരുത്തലാണ് ശക്തം.
ഇടുക്കി
ഇടുക്കിയിലും പോളിംഗ് കുറഞ്ഞു. പക്ഷേ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.പി ഡീന്‍ കുര്യാക്കോസിനോട് ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞില്ല. ഈ മലയോര മണ്ഡലത്തിലെ കാര്‍ഷിക പ്രശ്‌നങ്ങളും വോട്ടിംഗ് രീതിയും ഡീനിന് വീണ്ടും വിജയപ്രതീക്ഷയാകുന്നു.
സി.പി.എമ്മിന്റെ ജോയ്‌സ് ജോര്‍ജിന് പല ഘടകങ്ങളും തിരിച്ചടിയാണ്. പിണറായി സര്‍ക്കാരിനെതിരായ വികാരവും പല കാരണങ്ങളാല്‍ ഇടുക്കിയില്‍ നിറഞ്ഞുവെന്നതാണ് വസ്തുത.
എറണാകുളം
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് എറണാകുളം. 2019നെ അപേക്ഷിച്ച് പത്ത് ശതമാനത്തോളം പോളിംഗ് കുറഞ്ഞു. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസിന്റെ ഹൈബി ഈഡനെ തളര്‍ത്തില്ല. സി.പി.എമ്മിനായി പുതുമുഖ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷൈന്‍ ടീച്ചര്‍ക്ക് ഹൈബിയുടെ ഭൂരിപക്ഷം കുറയ്ക്കാനേയ്ക്കും.
ചാലക്കുടി
ചാലക്കുടിയില്‍ ബെന്നി ബെഹന്നാന് നേരിയ മുന്‍തൂക്കം കിട്ടുമെന്നാണ് പ്രതീക്ഷ. പത്ത് ശതമാനം പോളിംഗ് കുറഞ്ഞതും ട്വിന്റ് ട്വന്റിയുടെ മത്സരവും കോണ്‍ഗ്രസിനായി രണ്ടാം വട്ടം പോരിനെത്തിയ ബെന്നിക്ക് കടുത്ത വെല്ലുവിളിയാണ്. സി പി.എമ്മിനായി സി. രവീന്ദ്രനാഥ് മികച്ച മത്സരം നടത്തി.
ചാലക്കുടിയിലെ നേരിയ കോണ്‍ഗ്രസ് മുന്‍തൂക്കം അട്ടിമറിക്കാനുള്ള അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. അതുണ്ടായാല്‍ രവീന്ദ്രനാഥ് അട്ടിമറി വിജയം നേടി പാര്‍ലമെന്റിലെത്തും.
പാലക്കാട്
വികെ ശ്രീകണ്ഠന് പാലക്കാട് വീണ്ടും നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയും. എങ്കിലും സി.പി.എമ്മിന്റെ ജനകീയ മുഖമായ എ. വിജയരാഘവന്‍ തൊട്ടടുത്ത് തന്നെ ഉണ്ട്. ആര് ജയിക്കും ആര് തോല്‍ക്കുമെന്ന് പ്രവചിക്കാനാവാത്ത സ്ഥിതി.
ശക്തമായ ത്രികോണ മത്സരത്തില്‍ ജനകീയ എം.പിയെന്ന മുഖച്ഛായ ശ്രീകണ്ഠന് തുണയാകും. ബിജെപിയുടെ സി കൃഷ്ണകുമാര്‍ വോട്ടു വിഹിതം ഉയര്‍ത്തും. എന്നാല്‍ പാലക്കാട്ടെ പോളിംഗില്‍ വലിയ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 77 ആയിരുന്നു ശതമാനം. ഇത്തവണയും അതിന് അടുത്ത് കാര്യങ്ങളെത്തും. അങ്ങനെ ശ്രീകണ്ഠനെ പോളിംഗും തുണയ്ക്കാനാണ് സാധ്യത.
ആലത്തൂര്‍
അലത്തൂരില്‍ എട്ട് ശതമാനമാണ് പോളിംഗ് കുറഞ്ഞത്. മന്ത്രി കെ.രാധാകൃഷ്ണന്റെ മത്സരത്തോടെ സി.പി.എം സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ച മണ്ഡലം. സിറ്റിംഗ് എം.പിയായ രമ്യാ ഹരിദാസിന് വേണ്ടി കോണ്‍ഗ്രസില്‍ ഒത്തൊരുമ ഇത്തവണയുണ്ടായില്ല. പാട്ടു പാടി കളം പിടിച്ചെങ്കിലും വോട്ടിംഗ് ശതമാനത്തിലെ കുറവ് ആലത്തൂരില്‍ രമ്യാ ഹരിദാസിന് തിരിച്ചടിയാകും. കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ച് പാര്‍ലമെന്റില്‍ ആലത്തുരിന്റെ പ്രതിനിധിയാകാനാണ് സാധ്യത.
പൊന്നാനി
പൊന്നാനിയില്‍ അട്ടിമറിക്ക് യാതൊരു സാധ്യതയുമില്ല. അബ്ദുള്‍ സമദ് സമദാനി വീണ്ടും എംപിയാകും. മലപ്പുറത്ത് നിന്നും പൊന്നാനിയില്‍ എത്തിയ തീരുമാനം തിരിച്ചടിയാകില്ല. വോട്ടിംഗ് ശതമാനം ഉയരാത്തതും മണ്ഡലത്തില്‍ ലീഗ് വിജയത്തിന് അട്ടിത്തറയൊരുക്കും
മലപ്പുറം
മലപ്പുറത്ത് നിന്നും ഇടി മുഹമ്മദ് ബഷീര്‍ എംപിയാകും. ലീഗിന് യാതൊരു വെല്ലുവിളിയും ഇവിടെ ഇല്ലെന്നതാണ് പോളിംഗ് രീതിയും നല്‍കുന്ന സൂചന.
വയനാട്
കേരളത്തിലെ ശരാശരിക്ക് മുകളില്‍ വയനാട് വോട്ടിംഗ് നടന്നു. എന്തു സംഭവിച്ചാലും ഇവിടെ രാഹുല്‍ ഗാന്ധി തോല്‍ക്കുമെന്ന് എതിരാളികള്‍ പോലും കരുതുന്നില്ല. ഭൂരിപക്ഷം കുറയുമെന്ന സൂചന പോളിംഗ് കുറവില്‍ പ്രകടമാണ്. ബിജെപിയ്ക്കായി കെ സുരേന്ദ്രന്‍ വോട്ടു വിഹിതം കൂട്ടാനാണ് സാധ്യത.
വടകര
വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എന്നാല്‍ പോളിംഗില്‍ കുറവുണ്ടാകുകയും ചെയ്യുന്നു. സിപിഎം സംഘടനാ വോട്ടുകളെല്ലാം മിഷിനിലാകുകയും ചെയ്തു. കെകെ ശൈലജയുടെ ജനകീയ മുഖം വടകരയില്‍ സിപിഎമ്മിന് മുന്‍തൂക്കം നല്‍കുന്നു. കാടിളക്കിയുള്ള ഷാഫി പറമ്പിലിന്റെ പ്രചരണം കോണ്‍ഗ്രസ് ക്യാമ്പുകളിലുണ്ടാക്കായ ആവേശം വോട്ടിംഗ് പാറ്റേണില്‍ പ്രകടമല്ല. അടിയൊഴുക്കുകള്‍ ശൈലജയ്ക്ക് വിജയമൊരുക്കുമെന്നാണ് സിപിഎം കണക്കു കൂട്ടല്‍.
കണ്ണൂര്‍
കണ്ണൂരില്‍ സുധാകരന് പഴയ പ്രതാപമില്ല. സി.പി.എമ്മിനായി എം.വി ജയരാജന്‍ ഇറങ്ങിയതോടെ സംഘടന ഒറ്റക്കെട്ടുമായി. ജനകീയ നേതാവെന്ന കരുത്തില്‍ ജയരാജന്‍ പ്രചരണം നടത്തിയപ്പോള്‍ അടിയൊഴുക്കുകള്‍ സി.പി.എമ്മിന് അനുകൂലമായെന്നാണ് സൂചന. പോളിംഗിലെ കുറവും കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുധാകരന് തിരിച്ചടിയാണ്.
കാസര്‍ഗോഡ്
ലോക്സഭയില്‍ സിപിഎം കോട്ടയായിരുന്നു കാസര്‍കോട്. രാജ്മോഹന്‍ ഉണ്ണിത്താന്‍ അതില്‍ കഴിഞ്ഞ തവണ വിള്ളലുണ്ടാക്കി. ഇത് മനസ്സിലാക്കിയാണ് ജില്ലാ സെക്രട്ടറിയെ തന്നെ പോരിനിറക്കിയത്. അസാമാന്യ സംഘടനാ ബന്ധമുള്ള എം.വി ബാലകൃഷ്ണന് പോളിംഗ് കണക്കും തുണയാണ്. സി.പി.എം മേഖലയില്‍ എല്ലാം കനത്ത പോളിംഗായിരുന്നു. ബി.ജെ.പിയുടെ അശ്വിനിയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുന്നതും രാജ്മോഹന്‍ ഉണ്ണിത്താന് തിരിച്ചടിയാകും.