കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് നിര്‍ണായക ഉത്തരവിറക്കിയത്. വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി സര്‍ക്കാരിന് വന്‍തിരിച്ചടിയാണ്.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമീഷന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും വഖഫ് ട്രിബ്യൂനല്‍ തീരുമാനത്തെ സ്വാധിനിക്കരുതെന്നും കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ പാടില്ലെന്നും ബച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. കമീഷന്‍ നിയമിക്കാന്‍ സര്‍ക്കാറിന് അവകാശം ഉണ്ട്. ഇത് ജുഡീഷ്യല്‍ പുനരവലോകനത്തിന് വിധേയമാണ്. കമീഷന്‍ നിയമിച്ചത് വഖഫ് നിയമം കണക്കിലെടുക്കാതെയാണെന്നും സര്‍ക്കാര്‍ യന്ത്രികമായി പ്രവര്‍ത്തിച്ചു എന്നും കോടതി നിരീക്ഷിച്ചു. നിയമനം യുക്തി സഹമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുനമ്പം വിഷയത്തില്‍ ഇടപെട്ട സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി വിധി വലിയ തിരിച്ചടിയാണ്. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്.