തിരുവനന്തപുരം: ചലച്ചിത്രതാരം മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്‌കാരം നടക്കുക.
സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. ‘എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തു.
കിരീടം സിനിമയിലെ അതികായകനായ വില്ലന്‍. കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച മോഹന്‍രാജ് ഓര്‍മ്മയായി. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി, രജ പുത്രന്‍, സ്റ്റാലിന്‍ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹന്‍രാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി. Will miss u dear Mohanraj’, എന്നാണ് ദിനേശ് പണിക്കര്‍ കുറിച്ചത്.
മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടന്‍ ജോസ്’ എന്ന വേഷത്തിലൂടെയാണ് മോഹന്‍ രാജ് ജനപ്രീതി നേടുന്നത്. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി. കീരിക്കാടന്‍ ജോസിന്റെ ജനപ്രീതി മോഹന്‍രാജിനെ തെലുങ്ക്, തമിഴ് സിനിമകളുടെയും ഭാഗമാക്കി.