‘ഇന്സുലിന്’ (Insulin) കൃത്യമായി എടുത്തിട്ടും ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും രണ്ടുമാസമായി പ്രമേഹം (Diabetics) കുറയുന്നില്ല’-ആറു വര്‍ഷമായി പ്രമേഹത്തിന് ഇന്‍സുലിനെടുക്കുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ പരാതിയുമായെത്തി.
രോഗിയെയും അവരുപയോഗിച്ച ഇന്‍സുലിനും അതു സൂക്ഷിച്ച സാഹചര്യവും ഡോക്ടര്‍മാര്‍ പരിശോധിച്ചു. കനത്ത ചൂടുമൂലം ഇന്‍സുലിന്‍ മോശമായതാണ് പ്രമേഹ നിയന്ത്രണം താളം തെറ്റാന്‍ കാരണമെന്നായിരുന്നു കണ്ടെത്തല്‍.
കുപ്പി തുറക്കാത്ത ഇന്‍സുലിന്‍ ഫ്രിഡ്ജില്‍ (ഫ്രീസറിലൊഴികെ) സൂക്ഷിക്കണമെന്നും തുറന്നവ മുറിയില്‍ സൂക്ഷിച്ചാല്‍ മതിയെന്നുമാണ് ഇതുവരെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ചൂട് കുത്തനെ കൂടിയതോടെ തുറന്ന ഇന്‍സുലിനും ഫ്രിഡ്ജില്‍ത്തന്നെ സൂക്ഷിക്കണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം.
കനത്ത ചൂടില്‍ മുറിയില്‍ വെക്കുന്ന ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതായാണു കണ്ടെത്തല്‍. നേരിട്ടു വെയിലേല്‍ക്കുന്ന ജനാലയ്ക്കരികില്‍ സൂക്ഷിച്ച ഇന്‍സുലിനാണ് ഇത്തരത്തില്‍ മോശമാകുന്നതിലേറെയും.
കുപ്പിതുറക്കാത്ത ഇന്‍സുലിന് രണ്ടുമുതുല്‍ എട്ടുവരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയാണു വേണ്ടത്. തുറന്നവയ്ക്കു രണ്ടുമുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍, പലയിടത്തും മുറിക്കുള്ളിലെ താപനില 30-നു മുകളിലായതിനാല്‍ ഉപയോഗിച്ചുതുടങ്ങിയ ഇന്‍സുലിനും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാര്‍ പറഞ്ഞു.