തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ കെ രാധാകൃഷ്ണന്‍ എംപി ഉടന്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡി നോട്ടീസിന് മറുപടി നല്‍കി. പാര്‍ലമെന്റ് നടക്കുന്നതിനാല്‍ അസൗകര്യമുണ്ടെന്നും പിന്നീട് ഹാജരാകാമെന്നുമാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. ഇഡി നോട്ടീസിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം നീക്കം. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ആരോപിക്കുന്നു.
ഇ.ഡിയുടെ സമന്‍സിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ്. ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാം. ദേശീയതലത്തില്‍ തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ബിജെപി യുടെ ശ്രമമാണ് നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ഇന്നലെയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്. മറുപടി നല്‍കിയിട്ടുണ്ട്.പാര്‍ലമെന്റ് കഴിയുന്നതുവരെ ഹാജരാകാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.