മലയാളത്തിന്റെ എഴുത്തച്ഛന് വിട നൽകാൻ കേരളം ഒരുങ്ങുമ്പോൾ, പ്രിയ സാഹിത്യകാരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. താനും എം ടിയും തമ്മിലുള്ളത് അൻപത് വർഷമായിട്ടുള്ള ബന്ധമാണെന്നും ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നെന്നും കമൽ ഹാസൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
എഴുത്തിന്റെ എല്ലാ രൂപങ്ങൾക്കും സംഭാവന നൽകിയ ആ വ്യക്തിത്വം വിരമിച്ചു. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികൾ എന്ന് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കമലഹാസന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമാണ് എംടി വാസുദേവൻ നായർ. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള എൻ്റെ സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ് തികയുന്നു.
ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നു. മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. തന്റേതായ ശൈലിയിലൂടെ എഴുത്തിന്റെ എല്ലാ രൂപങ്ങൾക്കും സംഭാവന നൽകിയ ആ വ്യക്തിത്വം വിരമിച്ചു. ഇതൊരു വലിയ നഷ്ടമാണ്. ഇത് തെന്നിന്ത്യൻ സാഹിത്യ ലോകത്തെയും വായനക്കാരെയും കലാ ആസ്വാദകരെയും ദു:ഖത്തിലാഴ്ത്തും. മഹാനായ എഴുത്തുകാരന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.
എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു കന്യാകുമാരി. 1974 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് കമൽ ഹാസൻ ആദ്യമായി നായക വേഷത്തിലെത്തിയത്.കൂടാതെ നടൻ ജഗതി ശ്രീകുമാറിൻ്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു കന്യാകുമാരി.