കളിയിക്കാവിള കൊലക്കേസ് പ്രതി സുനിൽകുമാർ പിടിയിൽ…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : ക്വാറി വ്യവസായിയായ ദീപുവിനെ കളിയിക്കാവിളയില്‍ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനെന്ന് കരുതുന്ന സുനില്‍കുമാര്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

ഇന്ന്പുലര്‍ച്ചെ ഒരുമണിയോടെയാണ് സുനില്‍കുമാറിനെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.

കാറിന്റെ രേഖകള്‍ പണയപ്പെടുത്തി സുനില്‍കുമാര്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം വാങ്ങിയതായി സൂചനയുണ്ട്. തുടര്‍ന്ന് ഈ പണവുമായി ബെംഗളൂരു വഴി മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ പോലീസ് പിടിയിലായതെന്നാണ് വിവരം.

ദീപുവിനെ കാറിനുള്ളിലിട്ട് കൊലപ്പെടുത്തിയ അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്താണ് സുനില്‍കുമാര്‍. ദീപു കൊലക്കേസില്‍ സജികുമാറിനെയും ഗൂഢാലോചനയില്‍ പങ്കാളിയായ പ്രദീപ് ചന്ദ്രനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി വ്യവസായിയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹം. ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയുമായിരുന്ന അമ്പിളി എന്ന സജികുമാറാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്. ദീപുവില്‍ നിന്ന് കവര്‍ന്ന പണത്തില്‍ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം സജികുമാര്‍ നടത്തിയ ക്വട്ടേഷന്‍ കൊലപാതകമാണിതെന്നാണ് നിലവിലെ നിഗമനം.

See also  ഒരാഴ്ച കൊണ്ട് 19 ലക്ഷം ഭക്തര്‍ രാമക്ഷേത്രത്തിലെത്തി…..

Related News

Related News

Leave a Comment