സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ തിരുവനന്തപുരത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് കടകംപളളി സുരേന്ദ്രന്‍ തുറന്നടിച്ചത് വിവാദമായിരുന്നു. പിന്നീട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇതിനെതിരെ പ്രതികരിച്ചതും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. മന്ത്രിയുടെ പ്രതികരണത്തിലും സിപിഎം ജില്ലാനേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രി റിയാസുമൊത്തുളള സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുകയാണ് കടകംപളളി. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിവാദങ്ങള്‍ക്ക് മാധ്യമങ്ങളെ പഴിചാരുകയും ചെയ്തിരിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
വികസന സെമിനാറുകള്‍ എന്നാല്‍ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിനുള്ള വേദിയായല്ല ഞാന്‍ കാണുന്നത്. നമ്മുടെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനൊപ്പം നമ്മുടെ ഭാഗത്തെ കുറവുകളും ആ കുറവുകള്‍ എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്നുള്ള നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കണം എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. കഴക്കൂട്ടം മണ്ഡലത്തില്‍ എംഎല്‍എ എന്ന നിലയില്‍ ഞാന്‍ സംഘടിപ്പിച്ചിട്ടുള്ള വികസന സെമിനാറുകളില്‍ എല്ലാം എന്റെ പ്രസംഗം ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത് ഇത്തരത്തില്‍ സ്വയം വിമര്‍ശനത്തോട് കൂടി തന്നെയാണ്. തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിനെയും ഞാന്‍ അങ്ങനെ തന്നെയാണ് സമീപിച്ചത്. എന്റെ പ്രസംഗം മുഴുവന്‍ കേട്ടവര്‍ക്ക് അറിയാം, ആദ്യം ഞാന്‍ നഗരസഭയുടെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞു. അവസാനം നമുക്ക് ഉണ്ടായ കുറവുകളും.
നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്കൊപ്പം ചേര്‍ന്ന് നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്ന സ്ഥിതിയുണ്ട് എന്നത് വാസ്തവം ആണ്. ഒരു മേശപ്പുറത്ത് നിന്നും മറ്റൊരു മേശപ്പുറത്ത് ഫയല്‍ നീങ്ങണമെങ്കില്‍ കൗണ്‍സിലര്‍മാര്‍ നേരിട്ട് വന്നു എടുത്തുകൊണ്ടുപോകേണ്ട സ്ഥിതിയാണ്. ഇത്തരത്തില്‍ ജീവനക്കാരുടെയും കരാറുകാരുടെയും മോശം സമീപനത്തെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്തു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ട ഞാന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും നടത്തിയതാണ് പ്രസംഗത്തിലെ ആ ഭാഗം. 2021 ഒക്ടോബര്‍ 27 നു നിയമസഭയില്‍ അമൃത് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച സബ്മിഷനില്‍ ഉന്നയിച്ച അതെ കാര്യം തന്നെയാണ് വികസന സെമിനാറില്‍ ഉന്നയിച്ചതും.
എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ അവരുടെ സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ മനോഭാവത്തിന്റെ ഭാഗമായി ഞാന്‍ ആദ്യം പറഞ്ഞ ഭാഗങ്ങളും പോരായ്മകള്‍ക്കുത്തരവാദി ജനപ്രതിനിധികള്‍ അല്ല ചില ഉദ്യോഗസ്ഥരും കരാറുകാരും ആണ് എന്നുള്ള ഭാഗങ്ങളും ഒഴിവാക്കി അവര്‍ക്ക് വേണ്ട ഭാഗങ്ങള്‍ മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. മേയറെ വേദിയിലിരുത്തി നഗരസഭക്ക് എതിരെ ആഞ്ഞടിച്ചു, നഗരത്തിലെ റോഡുകള്‍ മോശം അങ്ങനെ പോകുന്നു വാര്‍ത്തകള്‍. വിവാദങ്ങള്‍ സൃഷ്ടിച്ച് വികസന പ്രവര്‍ത്തനങ്ങളെ താറടിക്കാനുള്ള ഇത്തരം മാധ്യമ പ്രവര്‍ത്തനത്തിന് എതിരെയാണ് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രതികരിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ എന്ന് എടുത്തു പറയുന്ന പ്രസംഗത്തിലും മാധ്യമങ്ങള്‍ കത്തി വെച്ചു. എന്നിട്ട് ആഘോഷം തുടങ്ങി. കടകംപള്ളിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി റിയാസ്.
എന്റെ പൊന്നു മാധ്യമ ചങ്ങായിമാരെ, മന്ത്രി പറയുന്ന പ്രസംഗത്തിലുള്ള കൊമ്പത്തെ കരാറുകാരനെയും എനിക്കറിയില്ല, ഇപ്പോഴുള്ള കരാറുകാരെയും എനിക്കറിയില്ല. അത് എനിക്കുള്ള മറുപടിയുമല്ല. അത് അനാവശ്യ വിവാദം ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുന്ന നിങ്ങള്‍ക്കുള്ള മറുപടിയാണ്.
ഞാനും മന്ത്രി റിയാസുമായി യാതൊരു പ്രശ്‌നവുമില്ല. നിയമസഭ നടക്കുന്ന സമയമായതിനാല്‍ എന്നും കാണാറുണ്ട്. സംസാരിക്കാറുണ്ട്. അതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്നറിയാം. തത്കാലം ആ അരി ഇവിടെ വേവില്ല. ആ വെള്ളമങ്ങ് മാറ്റി വെച്ചേക്കുക.