ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കി വിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന കെ സുധാകരന്റെ നിലപാടിന് മുന്നിൽ കോൺഗ്രസ് ഹൈക്കമാണ്ടും വഴങ്ങി. ഈ ഭീഷണിയെ തുടർന്നാണ് കെപിസിസി അധ്യക്ഷ സ്ഥാനം സുധാകരന് തിരികെ നൽകാൻ എം എം ഹസനോട് ഹൈക്കമാണ്ട് നിർദ്ദേശിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയാൽ കടുത്ത നടപടി എടുക്കുമെന്നായിരുന്നു സുധാകരന്റെ നിലപാട്.
കണ്ണൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എംപി സ്ഥാനം രാജിവച്ച് പ്രതിഷേധിക്കുമെന്ന് പോലും കോൺഗ്രസ് ഹൈക്കമാണ്ടിന് സുധാകരൻ സന്ദേശം നൽകി. താനാണ് ഇപ്പോഴും കെപിസിസി അധ്യക്ഷൻ. അതുകൊണ്ട് തന്നെ അധ്യക്ഷന്റെ മുറിയിൽ കയറി അധികാരം ഉറപ്പിക്കുമെന്നും സുധാകരൻ നിലപാട് എടുത്തു. ഇതെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ദേശീയ തലത്തിൽ ചർച്ചയാകുമെന്ന് കോൺഗ്രസ് ഹൈക്കമാണ്ട് തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് സുധാകരന് ചുമതല തിരികെ നൽകുന്നത്.
ഞായറാഴ്ച കെപിസിസി ചുമതല ഏറ്റെടുക്കാൻ സുധാകരൻ ഇരുന്നതാണെങ്കിലും നീണ്ടുപോകുകയായിരുന്നു. സംസ്ഥാനത്തുനിന്നുള്ള എതിർപ്പ് പരിഗണിച്ച് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കാൻ കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സുധാകരൻ നിരാശയിലായിരുന്നു. ഇതിന് പിന്നാലെ സുധാകരൻ എതിർപ്പ് ശക്തമാക്കിയതോടെ വിവാദം അവസാനിപ്പിക്കാൻ എഐസിസി തീരുമാനിച്ചു.
കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാൻ തയാറാണെന്നാണ് സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. താൻ ഇപ്പോഴും കെപിസിസി പ്രസിഡൻറാണെന്ന് സുധാകരൻ പറഞ്ഞു. ഹൈക്കമാൻഡുമായി ആലോചിച്ചിട്ടേ താൻ ഔദ്യഗികമായി സ്ഥാനം ഏറ്റെടുക്കൂ. പാർട്ടിയിൽ ഒരു അനിശ്ചിതത്വവുമില്ല. മറ്റ് ചില പ്രശ്നങ്ങളുണ്ട്. അത് ഇന്നു കൊണ്ട് കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചുമതല ഏറ്റെടുത്തോളൂവെന്ന സന്ദേശം സുധാകരന് കിട്ടിയത്.