ജോസ്.കെ.മാണി ഇടം(തു) വിടില്ല; ഇന്ത്യാ മുന്നണി കരുത്ത് കാട്ടിയില്ലെങ്കില്‍ രാജ്യസഭാ സീറ്റിനായി കടുംപിടിക്കില്ല; തന്ത്രങ്ങള്‍ ഇങ്ങനെ

Written by Taniniram

Published on:

തിരുവനന്തപുരം: ഡല്‍ഹി രാഷ്ട്രീയത്തില്‍ ‘ഇന്ത്യാ’ മുന്നണി കരുത്ത് കാട്ടിയില്ലെങ്കില്‍ രാജ്യസഭാ സീറ്റിനായി കേരളാ കോണ്‍ഗ്രസ് എം കടുംപിടിത്തം കാട്ടില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്താനുള്ള സാധ്യത തെളിയുകയും കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലോക്സഭയിലേക്ക് ജയിക്കുകയും ചെയ്താല്‍ രാജ്യസഭാ സീറ്റിനായി കേരളാ കോണ്‍ഗ്രസ് ഏതറ്റം വരേയും പോകും. ഇന്ത്യാ മുന്നണിയിലെ സഖ്യ കക്ഷിയെന്ന നിലയില്‍ കേന്ദ്രമന്ത്രിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. അല്ലാത്ത പക്ഷം സിപിഎം ഓഫറായ ഭരണപരിഷ്‌കരണ അധ്യക്ഷ സ്ഥാനം ഏറ്റെടത്ത് രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും നല്‍കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമാകും കേരളത്തിലെ ഇടതു മുന്നണിയെ ബാധിച്ച രാജ്യസഭാ വിവാദം എങ്ങനെ ബാധിക്കുമെന്ന് നിര്‍ണ്ണയിക്കുക.

രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെപ്പറ്റി എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവമാണ്. രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കി പ്രശ്ന പരിഹാരമാണ് സിപിഎം ആലോചിക്കുന്നത്. ഇതിനൊപ്പം 2027 ല്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാമെന്നും സിപിഎം ഉറപ്പു നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഫോര്‍മുല ജോസ് കെ മാണി അംഗീകരിക്കുമോ എന്നത് ലോക്സഭയിലെ ഫലത്തെ അടിസ്ഥാനമാക്കിയാകും.

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുമ്പ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കുള്ള പദവിയാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം. നിലവില്‍ ഒരു മന്ത്രിയും നിയമസഭാ ചീഫ് വിപ്പ് പദവിയും കേരളാ കോണ്‍ഗ്രസിനുണ്ട്. രണ്ടും കാബിനറ്റ് പദവിയാണ്. ഇതിനൊപ്പമാണ് മൂന്നാം കാബിനറ്റും ഓഫറായി വയ്ക്കുന്നത്. രാജ്യസഭയിലെ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ തല്‍കാലം പിണക്കാന്‍ സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് സാരം. ഇതെല്ലാം ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടി വരും.

സംസ്ഥാനത്ത് രാജ്യസഭയിലേക്ക് മൂന്നംഗങ്ങളുടെ ഒഴിവാണ് ജൂലൈ ഒന്നിന് ഉണ്ടാകുന്നത്. സിപിഎമ്മിലെ എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരാണ് വിരമിക്കുന്നത്. ഇതില്‍ നിയമസഭയിലെ കക്ഷിബലം അനുസരിച്ച് രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിന് വിജയിക്കാനാകും. ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും. എല്‍ഡിഎഫില്‍ ഒരു സീറ്റ് സിപിഎം എടുക്കും. ശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോണ്‍ഗ്രസും രംഗത്തു വന്നിട്ടുള്ളത്. സിപിഐ വിട്ടു വീഴ്ചയ്ക്കില്ല.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ ഒഴിവാക്കേണ്ടി വരുമെന്ന് സിപിഎമ്മിനും അറിയാം. സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയുടെ ശക്തി ചോരും. ഇതുകൊണ്ടാണ് പുതിയ ഫോര്‍മുലയുമായി സിപിഎം എത്തുന്നത്.

See also  രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ; യൂത്ത് കോൺഗ്രസ്,സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

Related News

Related News

Leave a Comment