Thursday, April 3, 2025

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ; വന്‍ വെളിപ്പെടുത്തലുമായി മലയാള മനോരമ മുന്‍ബ്യൂറോ ചീഫ്

Must read

- Advertisement -

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ സോളാര്‍ സമരത്തില്‍ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് വെളിപ്പെടുത്തി മലയാള മനോരമയുടെ മുന്‍ തിരുവനന്തപുരം ബ്യൂറോ ചീഫും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ മുണ്ടക്കയം.സമകാലിക മലയാളം വാരികയില്‍ അദ്ദേഹം എഴുതുന്ന സോളാര്‍ സമരവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് ഗുരുതര വെളിപ്പെടുത്തല്‍. ജോണ്‍ ബ്രിട്ടാസ് വഴിയാണ് സി.പി.എം അന്ന് ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാല്‍ തോമസ് ഐസക് അടക്കം ചില മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന സാധാരണ പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് താനും ഇടനില നിന്നിരുന്നെന്നും ജോണ്‍ മുണ്ടക്കയം ലേഖനത്തില്‍ പറയുന്നു.

ജോണ്‍മുണ്ടക്കയത്തിന്റെ ലേഖനത്തില്‍ നിന്ന്

”സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോണ്‍ കോള്‍ വന്നു. സുഹൃത്തും പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനലിന്റെ വാര്‍ത്താവിഭാഗം മേധാവിയുമായ ജോണ്‍ ബ്രിട്ടാസിന്റേതായിരുന്നു ഫോണ്‍ കോള്‍. ”സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?” -ബ്രിട്ടാസ് ചോദിച്ചു. എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്നു ഞാനും തിരിച്ചു ചോദിച്ചു. മുകളില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ കോള്‍ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ”ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ” എന്നു ഞാന്‍ ചൂണ്ടിക്കാട്ടി. ”അതെ… അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി” എന്നു ബ്രിട്ടാസ്. നിര്‍ദ്ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു. നേരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ചു ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തെ അറിയിച്ചു. പാര്‍ട്ടി തീരുമാനം ആണോ എന്ന് അദ്ദേഹം ചോദിച്ചു. ആണെന്നാണ് മനസ്സിലാകുന്നത് എന്നു ഞാനും പറഞ്ഞു. എങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍.കെ. പ്രേമചന്ദ്രന്‍ യു.ഡി.എഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു. അപ്പോഴും ബേക്കറി ജംഗ്ഷനില്‍ സമരക്കാര്‍ക്കൊപ്പം നിന്ന ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കഥ അറിഞ്ഞിരുന്നില്ല. സമരം ഒത്തുതീര്‍പ്പായത് തോമസ് ഐസക് അറിഞ്ഞത് ഒരു ചാനലില്‍നിന്നു വിളിച്ചറിയിച്ചപ്പോള്‍ മാത്രം”

See also  ബലാത്സംഗക്കേസില്‍ സംവിധായകന്‍ ഒമര്‍ലുലുവിന് ഹൈക്കോടതിയില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം

കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വിവാദവെളിപ്പെടുത്തലാണ് ജോണ്‍മുണ്ടക്കയം നടത്തിയിരിക്കുന്നത്. ഇടതുമുന്നണിയുടെ തുറുപ്പ് ചീട്ടായ സോളാര്‍ക്കേസിലെ സമരത്തില്‍ ഒത്തുതീര്‍പ്പ് നടന്നൂവെന്നത് പാര്‍ട്ടിക്ക് വന്‍ നാണക്കേടാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയായ ജോണ്‍ബ്രിട്ടാസിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article