സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇതിനൊപ്പം പലജില്ലകളിലും മഞ്ഞപ്പിത്തം (Jaundice) ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്.
ആഘോഷപരിപാടികളിലും മറ്റും ശീതളപാനീയം നൽകുമ്പോൾ ശുദ്ധമായ വെള്ളമല്ലെങ്കിൽ അത് കൂട്ടമായി രോഗബാധയുണ്ടാക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.
വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് അണുബാധയാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണമാകുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ വ്യത്യസ്ത വൈറസുകളുണ്ട്.
കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഗുരുതരമാകുന്നത് മരണത്തിന് കാരണമായേക്കും. ലക്ഷണങ്ങൾ മനസ്സിലാക്കി കൃത്യമായി ശാസ്ത്രീയമായ ചികിത്സ തേടുകയാണ് പ്രധാനം. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറുവേദന, മൂത്രത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.