വിവാഹിതയായ യുവതി സിന്ദൂരം അണിയേണ്ടത് ബാധ്യത; പിരിഞ്ഞുകഴിയുന്ന യുവതി ഉടൻ ഭർത്താവിന്റെ വീട്ടിൽ പോകണമെന്ന് കോടതി വിധി

Written by Web Desk1

Updated on:

ഇൻഡോർ (Indore) : മദ്ധ്യപ്രദേശിലെ ഇൻഡോറി (Indore in Madhya Pradesh) ലുള്ള കുടുംബ കോടതിയാണ് ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ വിധി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വ‍ർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടൻ തന്നെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത് ഹിന്ദു സ്ത്രീയുടെ ബാധ്യതയാണെന്നും അവൾ വിവാഹിതയാണെന്നതിനുള്ള തെളിവാണതെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ ഹിന്ദു വിവാഹ നിയമ പ്രകാരം തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഭ‍ർത്താവ് കുടുംബ കോടതിയെ സമീപിച്ചത്. കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ, സിന്ദൂരം അണിയാറില്ലെന്ന് സമ്മതിച്ചതായി ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജി എൻ.പി സിങ് പുറപ്പെടുവിച്ച വിധിയിൽ വിശദീകരിക്കുന്നു. സിന്ദൂരം അണിയേണ്ടത് ഭാര്യയുടെ മതപരമായ ബാധ്യതയാണ്. സ്ത്രീ വിവാഹിതയാണെന്നതിന്റെ അടയാളമാണത്. സ്ത്രീയുടെ വാദങ്ങളെല്ലാം പരിഗണിച്ചപ്പോൾ, അവരെ ഭർത്താവ് ഉപേക്ഷിച്ചതല്ലെന്നും ഭാര്യയാണ് ഭർത്താവിനെ ഉപേക്ഷിച്ചുപോയി വിവാഹ മോചനം തേടിയതെന്നും വ്യക്തമാവുന്നതായി ഉത്തരവിൽ തുടരുന്നു. യുവതി ഭർത്താവിനെ ഉപേക്ഷിച്ചു, അവർ സിന്ദൂരവും അണിയുമായിരുന്നില്ല – ഉത്തരവ് പറയുന്നു.

അതേസമയം സ്ത്രീധനം ആവശ്യപ്പെട്ട് ഭ‍ർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി ആരോപിച്ചു. എന്നാൽ ഇത് കോടതി കണക്കിലെടുത്തില്ല. തെളിവുകളും മൊഴികളും പരിശോധിക്കുമ്പോൾ ഈ ആരോപണങ്ങൾ ശരിവെയ്ക്കുന്ന തരത്തിൽ യുവതി പൊലീസിൽ പരാതികളൊന്നും കൊടുത്തിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. 2017ൽ വിവാഹിതരായ ദമ്പതികൾക്ക് ഇപ്പോൾ അഞ്ച് വയസായ മകനുമുണ്ട്.

See also  ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

Related News

Related News

Leave a Comment