തിരുവനന്തപുരം: ഈ മാസം 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബിൽ നടക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്ക പരിപാടികൾ 12-ന് ആരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ടൂർ ഡി കേരള സൈക്ലത്തോണും റോഡ് ഷോയുമാണ് പ്രധാന പരിപാടി. ഇത് 12-ന് കാസർകോട്ടുനിന്നാരംഭിച്ച് 23-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ‘ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കെ-വാക്ക് എന്ന മെഗാ വാക്കത്തോൺ 22-നാണ്. കേരളത്തിന്റെ തനത് കായികരൂപങ്ങളെ ആസ്പദമാക്കി ഹൈബ്രിഡ് ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
ജനുവരി 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കായിക കലാരൂപങ്ങൾ സമന്വയിക്കുന്ന സാംസ്‌സാരിക പ്രകടനവും ഉദ്ഘാടന ദിവസം അരങ്ങേറും. സ്‌പോർട്‌സ് പ്രധാന പ്രമേയമായ മ്യൂസിക് ബാൻഡിന്റെ പ്രകടനവും ഉണ്ടാകും.
കായിക ഉച്ചകോടിയോടനുബന്ധിച്ച് ആസൂത്രണം ചെയ്ത വെബിനാർ പരമ്പരയ്ക്ക് തുടക്കമായി. 15 ദിവസം നീളുന്ന ഓൺലൈൻ സെമിനാറുകൾ എല്ലാ ദിവസവും വൈകീട്ട് 7-നാണ് നടക്കുന്നത്.
ആയിരത്തിലധികം പദ്ധതി നിർദേശങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ കായികരംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും അന്താരാഷ്ട്ര കായികസമ്മേളനം ലക്ഷ്യംവയ്ക്കുന്നു. കേരളത്തിന്റെ കായികമേഖലയിൽ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താത്പര്യമുള്ള മുഴുവൻ സ്ഥാപനങ്ങളെയും വ്യക്തികളെയും സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി.