കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം റോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ മൊഴിയില്‍ ലൈംഗിക പീഡനമെന്ന ആരോപണം ഉയര്‍ത്തിയാല്‍ സോഷ്യല്‍ മീഡിയാ സുഹൃത്ത് കുടുങ്ങും. കുട്ടിയുടെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. കുട്ടിയുടെ അച്ഛനാണ് യുവതി പറയുന്ന ആളെന്ന് ഉറപ്പിച്ച് മാത്രമേ ഇയാളെ പ്രതിയാക്കൂ. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗമായ പനമ്പള്ളി നഗറിലുണ്ടായ അസാധാരണ സംഭവത്തിന്റെ നടുക്കത്തിലാണ് കൊച്ചി നിവാസികള്‍ ഇപ്പോഴും.
യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രസവിച്ച യുവതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകക്കുറ്റം ചുമത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ ജീവനോടെയാണ് എറിഞ്ഞതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ആമസോണ്‍ കുറിയറിന്റെ ഒരു പായ്ക്കറ്റില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ഈ പായ്ക്കറ്റ് രക്തത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു നവജാതശിശു മരിച്ചത് തലയോട്ടി തകര്‍ന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ഫ്ലാറ്റില്‍നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നതെന്നും ശരീരത്തിലാകെ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍നിന്ന് കുട്ടിയെ കുറിയര്‍ കവറില്‍ പൊതിഞ്ഞ് താഴേക്ക് എറിഞ്ഞപ്പോള്‍ ഉണ്ടായ ആഘാതത്തിലായിരിക്കാം തലയോട്ടി തകര്‍ന്നിട്ടുള്ളത്. കേസില്‍ യുവതിയുടെ മതാപിതാക്കള്‍ പ്രതിയാകില്ല. അവര്‍ക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് പോലീസ് അനുമാനിക്കുന്നു. വെള്ളിയാഴ്ച രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. സമീപവാസിയായ ജിതിന്‍, ഷിപ്യാര്‍ഡിലെ സ്‌കൂളില്‍ കുട്ടികളെ ഇറക്കിയ ശേഷം തിരികെ വരുമ്പോഴാണ് റോഡില്‍ എന്തോ കിടക്കുന്നതു കണ്ടത്. ഒരു വാഹനം അവിടുത്തെ ഫ്‌ളാറ്റില്‍നിന്നു പുറത്തേക്ക് പോയെന്നും അത് കടന്നു പോകാന്‍ തന്റെ വാഹനം ഒതുക്കിയപ്പോഴാണ് റോഡില്‍ കുഞ്ഞും കുറിയര്‍ പായ്ക്കറ്റും കിടക്കുന്നതു കണ്ടതെന്നും ജിതിന്‍ പറയുന്നു. ഉടന്‍ പോലീസും എത്തി. അതിന് ശേഷം കേരളം അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് അവിടെ പടര്‍ന്നു നില്‍ക്കുന്ന ചെടികള്‍ക്കിടയിലൂടെ എന്തോ റോഡിലേക്കു വീഴുന്ന സിസിടിവി ദൃശ്യമാണ് നിര്‍ണ്ണായകമായത്. മാലിന്യകൂമ്പാരം ലക്ഷ്യമിട്ടാണ് എറിഞ്ഞത്. എന്നാല്‍ പടര്‍ന്നു നിന്ന ചെടികള്‍ക്കിടയില്‍ തട്ടി അത് റോഡിലേക്ക് വീണു. ആമസോണ്‍ കവറിലെ അഡ്രസും കേസില്‍ വഴിത്തിരിവായി. അങ്ങനെയാണ് ആ ഫ്‌ളാറ്റില്‍ പോലീസ് എത്തിയത്. അവിടെ കുളിമുറിയില്‍ രക്തത്തിന്റെ അവശിഷ്ടം കണ്ടെത്തി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ എല്ലാം യുവതി സമ്മതിച്ചു. യുവതി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനമെന്നും അതിനാല്‍ അതിജീവിതയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിടരുത് എന്നും പോലീസ് അറിയിക്കുകയും ചെയ്തു.
യുവതിയെ ഒരുമിച്ചിരുത്തിയുള്ള സംസാരത്തിലാണ് മാതാപിതാക്കളും ഇക്കാര്യം അറിഞ്ഞത് എന്ന് പൊലീസ് പറയുന്നു. അങ്ങേയറ്റം പരിഭ്രാന്തിയിലും പേടിയിലുമാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞത് എന്നും പൊലീസ് പറയുന്നു. യുവതി ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട് എന്ന മൊഴിയും പ്രാഥമികമായി കിട്ടി. താമസിയാതെ ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇയാളെ നിരീക്ഷിച്ച് വരികയാണെന്നാണ് പൊലീസ് പറയുന്നത്.