തിരുവനന്തപുരം (Thiruvananthapuram) : ഞായറാഴ്ച അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ബെെജു ഓടിച്ചിരുന്ന വാഹനം ഒരു സ്കൂട്ടർ യാത്രക്കാരനെ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ബൈജുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
ഞായറാഴ്‌ചയുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിച്ച് നടൻ ബൈജു സന്തോഷ്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണ്. തന്നിൽ നിന്ന് അഹങ്കാരം നിറഞ്ഞ സംസാരമുണ്ടായതായി ആർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെകിൽ മാപ്പ് ചോദിക്കുന്നതായി നടൻ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്.
ആക്‌സിഡന്റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിധാരണകളും സോഷ്യൽ മീഡിയയിൽ പരക്കുകയുണ്ടായി. ഇതിന്റ യഥാർത്ഥ വസ്തുത അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കാവടിയാറിൽ നിന്ന് വെള്ളയമ്പലത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. 65 കിലോമീറ്റർ സ്പീഡുണ്ടായിരുന്നു. വെള്ളയമ്പലത്തിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ വെള്ളയമ്പലത്ത് വെച്ച് ഫ്രന്റ് ടയർ പഞ്ചറായി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ഒരു സ്കൂട്ടർ യാത്രികന്റെ ദേഹത്ത് തട്ടുകയും ചെയ്തു. ആ ചെറുപ്പക്കാരനോട് ആശുപത്രിയില്‍ പോകണോ എന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് അയാൾക്ക് മുറിവോ ചതവോ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞു. അയാൾക്ക് പരാതിയില്ലെന്ന് പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നതായി ബൈജു പറഞ്ഞു.
‘ഈ സംഭവത്തിൽ പൊലീസ് എന്നെ സഹായിച്ചിട്ടില്ല, നിയമപരമായ കേസ് എടുത്തിട്ടുണ്ട്. പിന്നെ ഞാൻ അടിച്ച് പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വരും, കാരണം ഇങ്ങനത്തെ പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിൽ അല്ലെ ആളുകൾ വായിക്കുകയുള്ളൂ. മാത്രമല്ല ഒരു ചാനലുകാരനോട് ഞാൻ ചൂടാകുന്നതായുള്ള വീഡിയോയും പുറത്തുവന്നിരുന്നു. സ്റ്റേഷനിലേക്ക് വണ്ടി കൊണ്ടുപോകണമെങ്കിൽ ടയർ മാറ്റിയിടണമല്ലോ. അതിനായി നിൽക്കുമ്പോൾ ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നത് കണ്ടു. അപ്പോഴാണ് ചൂടായത്. അതൊരു ചാനലുകാരൻ ആണെന്ന് അറിഞ്ഞില്ല. വഴിയേപോയ ആരോ വീഡിയോ എടുത്തതാണ് എന്ന് കരുതിയാണ് ചൂടായത്. ഇവിടുത്തെ നിയമങ്ങൾ എല്ലാവരെയും പോലെ അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്നയാളുമല്ല ഞാൻ,’
‘അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു എന്നും വാർത്തകൾ വന്നു. അത് മറ്റാരുമല്ല എന്റെ വല്യമ്മയുടെ മകളുടെ മകളാണ്. എന്റെ മകളുടെ പ്രായമേ അവൾക്കുമുള്ളൂ. അതോടൊപ്പം യുകെയിൽ നിന്ന് വന്ന ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരമുണ്ടായതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു,’ എന്നും ബൈജു പറഞ്ഞു.