ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഗതാഗത കമ്മീഷണര്‍ സ്ഥാനം ഏറ്റെടുക്കാതെ ഐജി എ അക്ബര്‍. സംഭവത്തില്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന് അതൃപ്തിയെന്നാണ് സൂചന. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നുവെന്നാണ് വിലയിരുത്തല്‍. ഉടന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് മന്ത്രിയുടെ നിലപാട്. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ കൊച്ചിയില്‍ നിന്നും മാറാന്‍ കഴിയില്ലെന്ന് അക്ബര്‍ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചില്‍ നിന്നും സ്ഥാനം ഒഴിഞ്ഞിട്ടുമില്ല. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കറിനാണ് ഗതാഗത കമ്മീഷണറുടെ നിലവിലെ ചുമതല. കെഎസ്ആര്‍ടിസി എംഡിയുടെ ചുമതലയും പ്രമോജ് ശങ്കറിനാണ്. ഈ സാഹചര്യത്തില്‍ ഉടന്‍ പുതിയ ഗതാഗത കമ്മീഷണറെ വേണമെന്നതാണ് മന്ത്രി ഗണേഷ് കുമാറിന്റെ നിലപാട്. ഇതിനിടെ അക്ബറിന്റെ അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സൂചനയുണ്ട്. അങ്ങനെ എങ്കില്‍ ഉടന്‍ പുതിയ കമ്മീഷണറെ നിയമിക്കും. അക്ബറിനെ പോലീസില്‍ തന്നെ തുടരാന്‍ അനുവദിച്ചേക്കും.