കോഴിക്കോട് (Kozhikkod) : താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികളുടെ സംഘട്ടനത്തിൽ മുഹമ്മദ് ഷഹബാസിനെ മർദ്ദിച്ചത് മുൻപ് ഒരുമിച്ചു പഠിക്കുകയും ഉറ്റ സുഹൃത്തുമായിരുന്ന വിദ്യാർഥി. (The student who beat up Mohammad Shahbaz in the school students’ conflict in Thamarassery was a student who studied together and was a close friend.) ഇരുവരും മുൻപ് മറ്റൊരു സ്കൂളിൽ പഠിച്ചിരുന്നുവെന്നും പ്രതിയായ വിദ്യാർഥി തന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാൽ വെളിപ്പെടുത്തി. വിദ്യാർഥി സംഘർഷത്തെ തുടർന്നു മർദ്ദനമേറ്റാണ് മുഹമ്മദ് ഇഖ്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്.
‘എന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ പ്രതികൾക്കു പരീക്ഷ എഴുതാൻ അവസരം നൽകിയത് എന്തു സന്ദേശമാണ് നൽകുന്നത്. ഇവരെ ഈ വർഷം തന്നെ പരീക്ഷണ എഴുതിക്കണമെന്നത് ആരുടെ നിർബന്ധമാണ്. ഇവർ നാളെ കോളജിലെത്തിയാൽ വെടി വയ്ക്കാനുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ നൽകുന്നത്.’
‘പ്രതിഷേധം മറികടന്നും പരീക്ഷയെഴുതിപ്പിച്ച നടപടി അംഗീകരിക്കാനാവാത്ത നീതികേടും മനസിനേറ്റ മുറിവുമാണ്. കോപ്പിയടിച്ചവരെ പരീക്ഷയെഴുതിക്കാതെ മാറ്റി നിർത്താറുണ്ടെന്നിരിക്കെ കൊലപാതകം ചെയ്തവരെ പരീക്ഷയെഴുതിപ്പിച്ചത് അവർക്കും മറ്റുള്ള വിദ്യാർഥികൾക്കും അക്രമം ചെയ്യാനുള്ള പ്രചോദനമാണ്’- മുഹമ്മദ് ഇഖ്ബാൽ ആരോപിച്ചു
അതേസമയം സംഭവത്തിൽ പ്രതികളായ 5 പേർക്കു പുറമേ കൂടുതൽ വിദ്യാർഥികൾക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. ഗൂഢാലോചനയിലും മർദ്ദനത്തിലും പങ്കുണ്ടെങ്കിൽ അവരേയും പ്രതി ചേർക്കും. സിസിടിവി ദൃശ്യങ്ങൾ സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റു വിദ്യാർഥികളുടെ മൊഴിയും രേഖപ്പെടുത്തി തുടങ്ങി.
പ്രതികളിലൊരാളുടെ പിതാവിനു ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടികെ രജീഷുമായുള്ള ബന്ധം ജയിലിൽ നിന്നുള്ളതെന്നാണു പൊലീസിനു കിട്ടിയ വിവരം. രജീഷ് പരോളിൽ ഇറങ്ങിയപ്പോൾ ഇയാൾ കണ്ടിരുന്നു. ആ സമയത്ത് എടുത്ത ചിത്രങ്ങളാണു പ്രചരിക്കുന്നതെന്നാണു പൊലീസ് നിഗമനം.
കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നും കുട്ടികളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഇതിന്റെ തെളിവാണെന്നും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെഇ ബൈജു പറഞ്ഞു. കുട്ടികൾ എന്ന നിലയിലായിരുന്നില്ല മർദ്ദിച്ചവരുടെ ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.