‘വൈകിയാൽ ബോചെ പറ്റിച്ചെന്ന് പറയും, അതാണ് പണം ഏൽപ്പിച്ചത്: ശ്രുതിക്ക് ഏട്ടനായി ഒപ്പമുണ്ടാകും’

Written by Web Desk1

Published on:

വയനാട് (Wayanad) : ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനെയും നഷ്‌ടപ്പെട്ട ശ്രുതിക്ക് വീടുവയ്‌ക്കാനായി കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂർ ധനസഹായം നൽകിയത്. ബോചെ നൽകിയ പത്ത് ലക്ഷം രൂപ ടി സിദ്ദിഖ് എംഎൽഎ ശ്രുതിക്ക് കൈമാറി. സ്ഥലത്ത് എത്താൻ കഴിയാത്ത ബോചെ വീഡിയോ കോളിലൂടെ ശ്രുതിയെ വിളിച്ച് വിശേഷങ്ങൾ തിരക്കി. സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ബോചെയുടെ വാക്കുകൾ: ‘ശ്രുതിയെ ആദ്യമായാണ് ചിരിച്ച് കാണുന്നത്. ഏട്ടന്റെ സ്ഥാനത്ത് നിന്ന് വീട് പണിയിച്ച് നൽകുമെന്നാണ് ഞാൻ വാക്ക് തന്നത്. പണിയിച്ച് തരാൻ നിന്നാൽ വൈകും. മാസങ്ങളോളം എടുക്കും. അതിനാലാണ് ചെക്കായി ഏൽപ്പിച്ചത്. നിങ്ങളുടെ ഇഷ്‌ടത്തിന് തന്നെ വീട് പണിയാമല്ലോ. മുമ്പ് ഇതുപോലെ വീട് കൊടുക്കാമെന്ന് പറഞ്ഞ് പലരെയും ഏൽപ്പിച്ചിട്ട് എട്ട് മാസത്തോളമെടുത്തു പൂർത്തിയാകാൻ. അപ്പോഴേക്കും ആരെങ്കിലും സോഷ്യൽ മീഡിയയിലെത്തി ബോചെ പറ്റിച്ചു എന്നുപറയും. അതാണ് ആദ്യമേ പണം ഏൽപ്പിച്ചത്.എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞാൽ മതി. ഞങ്ങൾ ഒപ്പമുണ്ടാകും. നഷ്‌ടപ്പെട്ടതൊക്കെ നഷ്‌ടപ്പെട്ടു. എനിക്കും എന്റെ അച്ഛനെ നഷ്‌ടപ്പെട്ടതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല. ഇതൊന്നും നമ്മുടെ കയ്യിലല്ല. പ്രകൃതിയുടെ ഭാഗമാണ്. ഓരോരുത്തരും യാത്ര പറഞ്ഞുകൊണ്ടിരിക്കും. നമ്മൾ ശക്തമായി മുന്നോട്ട് പോവുക. ശ്രുതിക്കിനി ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതാണ്. ജോലി ആയോന്ന് അറിയില്ല. ഇല്ലെങ്കിൽ പറഞ്ഞാൽ മതി. വേണ്ട കാര്യങ്ങൾ ചെയ്യാം. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ പഠിക്കുക. വീടുകൂടലിന് ക്ഷണിക്കണം. അപ്പോൾ എല്ലാവരെയും കാണാം.’ബോചെ വലിയ കാര്യമാണ് ചെയ്‌ത് തന്നതെന്ന് ശ്രുതിയും പറഞ്ഞു.

ക്യാമ്പിൽ കഴിയുമ്പോൾ മുതൽ അദ്ദേഹം കാര്യങ്ങൾ വന്ന് അന്വേഷിക്കുന്നതാണ്. സ്വന്തം സഹോദരനെപ്പോലെ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞതായും ശ്രുതി പറഞ്ഞു. ആരോഗ്യ സ്ഥിതിയെക്കുറിച്ചും ബോചെ അന്വേഷിച്ചു. ജെൻസന്റെ അമ്മയും ശ്രുതിക്കൊപ്പമുണ്ടായിരുന്നു. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തിൽ ആവശ്യം ഉന്നയിക്കുമെന്ന് ടി സിദ്ദിഖ് ഉറപ്പ് നൽകി.

Related News

Related News

Leave a Comment