തിരുവനന്തപുരം (Thiruvananthapuram) : വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലുള്ള തര്‍ക്കത്തിനിടെ പ്രതികരണവുമായി വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. (Vizhinjam Port MD Divya S Iyer IAS has responded to the dispute between political parties over the credit of the Vizhinjam Port.) നാടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവര്‍ക്കും എന്റേതാണ് എന്ന് പറയാന്‍ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിര്‍മിച്ചത് എന്നാകും ചരിത്രത്തില്‍ രേഖപ്പെടുത്തുക – ദിവ്യ എസ് അയ്യര്‍ അഭിപ്രായപ്പെട്ടു.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്നും ദിവ്യ പറഞ്ഞു. ആഹ്ലാദവും ആവേശവും ഒരേ തോതിലാണ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നതില്‍ സന്തോഷമുണ്ട്. ഇതില്‍ ഭാഗമാകാനായതില്‍ അഭിമാനവുമുണ്ട്. ഇപ്രാവശ്യം അവതാരകയല്ല. ഇന്ന് റീല്‍സൊന്നും ഉണ്ടാകില്ല. സംഘാടനത്തില്‍ ഒരുപാട് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായി ചുമതലയേറ്റെടുത്ത ദിവസം തന്നെ ‘പോര്‍ട്‌സ് ഓഫ് ഏന്‍ഷ്യന്റ് ഇന്ത്യന്‍ ഓഷ്യന്‍’ എന്ന പുസ്തകമാണ് വാങ്ങിയത്. തുറമുഖങ്ങളുടെ ചരിത്രം പഠിച്ചു. സഹപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും സഹകരണത്തോടെ ഓരോ പ്രശ്‌നങ്ങള്‍ക്കും സമചിത്തതയോടെ പരിഹാരം കണ്ടെത്തി. പ്രശ്‌നങ്ങളെയൊന്നും ഒഴിവാക്കിയിട്ടില്ല. പ്രശ്‌നങ്ങളെയും കൊണ്ടുള്ള യാത്രയാണ് ഇതെന്നും ദിവ്യ എസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.