പാലക്കാട് ( Palakkad ) : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നെന്മാറയിൽ വീട്ടമ്മ മരിച്ചു. ചാത്തമംഗലം വടക്കേക്കാട് ചെല്ലന്റെ ഭാര്യ സുഭദ്രയാണ് മരിച്ചത്. (A housewife in Nenmara died after food got stuck in her throat. The deceased was Subhadra, the wife of a man from Vadakkekkadu, Chathamangalam.) 67 വയസായിരുന്നു. വൈകീട്ട് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെയാവുകയും തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
അബോധാവസ്ഥയിൽ ആയ ഇവരെ ഉടൻ തന്നെ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കഴിഞ്ഞ മാസം കാഞ്ഞങ്ങാട് മുഹമ്മദ് അജാസ് ഫാദി എന്ന കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതിനെത്തുടർന്ന് സുഹൃത്തും എൻഡിആർഎഫ് കേഡറ്റുമായ മുഹമ്മദ് സഹൽ രക്ഷിച്ചിരുന്നു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പൊടുന്നനെ മുഹമ്മദ് അജാസ് ഫാദി ശ്വാസം പോലും കിട്ടാതെ വെപ്രാളപ്പെട്ടത്. കണ്ണുകൾ പുറത്തേക്ക് തള്ളിയുള്ള അവൻ്റെ അവസ്ഥ കണ്ട് ഒപ്പമുണ്ടായിരുന്നവരെല്ലാം ഒരുപോലെ ഭയന്നു.
എന്താണ് സംഭവിച്ചതെന്ന് മറ്റുള്ളവർക്ക് മനസിലായില്ലെങ്കിലും ഉറ്റസുഹൃത്ത് മുഹമ്മദ് സഹൽ ഷഹസാദിന് കാര്യം മനസിലായി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് തൻ്റെ ബെസ്റ്റ് ഫ്രണ്ട് ബുദ്ധിമുട്ടുന്നതെന്ന് മനസിലാക്കിയ അവൻ രണ്ട് ദിവസം മുൻപ് എൻഡിആർഎഫ് സംഘം സ്‌കൂളിൽ നൽകിയ പരിശീലനത്തിലെ പാഠങ്ങൾ ഓർത്തെടുത്തു. അജാസ് ഫാദിയെ കുനിച്ച് നിർത്തി പുറത്ത് ആഞ്ഞിടിച്ചു.
ആ ഇടി അവൻ്റെ ജീവൻ രക്ഷിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്‌കൂളിലെ എസ്‌പിസി കാഡറ്റായ മുഹമ്മദ് സഹൽ ഷഹസാദ് ഇന്ന് നാട്ടിലെ ഹീറോയാണ്. അവനെ അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ് സുഹൃത്തുക്കളും അധ്യാപകരും നാട്ടുകാരും പൊലീസും എൻഡിആർഎഫ് സംഘാംങ്ങളുമെല്ലാം.