കൊച്ചി: സ്ത്രീതത്വത്തെ അപമാനിക്കുന്ന രീതിയില്‍ അധിഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റു ചെയ്യാനുളള നീക്കങ്ങളുമായി അന്വേഷ സംഘം. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ പമാനിക്കുന്നുവെന്നും ഹണിറോസ് പരാതിയില്‍ പറയുന്നു. എന്നാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്നും ഹണിറോസിനോട് വിഷയത്തില്‍ മാപ്പുപറയാന്‍ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോയതോടെ ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഹണി റോസ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പരാതിയുടെ വിവരങ്ങള്‍ നടി പുറത്തുവിട്ടത്. ‘താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.’ വിവരം അറിയിച്ചുകൊണ്ട് ഹണി റോസ് കുറിച്ചു. ഞെട്ടലോടെയാണ് ബോബി ചെമ്മണ്ണൂര്‍ ഇതിനെ ഉള്‍ക്കൊണ്ടത്. രണ്ടു ദിവസമായി ഹണി റോസ് പേരു പറയാതെ തനിക്കെതിരെ അധിക്ഷേപം നടത്തിയ മുതലാളിക്കെതിരെ അതിനിശത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പേര് പുറത്തു പറഞ്ഞില്ല. ഇതില്‍ പ്രതികരിച്ച് ബോച്ചെ ഫാന്‍സ് അശ്ലീല കമന്റുമായി എത്തി. ഇതോടെ കമന്റുകള്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കി. ജാമ്യമില്ലാ വകുപ്പും ചുമത്തി. പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരേയും പരാതി നല്‍കിയത്.