കൊച്ചി (Kochi) : എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ, സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് വിദ്യാർത്ഥിനിയുടെ പിതാവ്. (In the hijab controversy at St. Reethas High School in Palluruthy, Ernakulam, the father of the student has stated that his daughter is not interested in continuing in the school.) മകൾക്ക് സ്കൂളിൽ തുടരാൻ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. സ്കൂളിൽ നിന്ന് ടിസി വാങ്ങും. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മകൾക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതൽ കുട്ടി സ്‌കൂളിൽ എത്തുമെന്നുമായിരുന്നു പിതാവ് ആദ്യം അറിയിച്ചത്. പിന്നീടാണ് കുട്ടി ഇനി ആ സ്കൂളിലേക്കില്ലെന്ന് പിതാവ് പറഞ്ഞത്.
ഹിജാബ് ധരിക്കാതെ സ്കൂളിൽ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്മെന്‍റ്. സ്കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് വിദ്യാർത്ഥിനിയുടെ പിതാവും അറിയിച്ചിരുന്നു. മകൾക്ക് ഈ സ്‌കൂളിൽ തന്നെ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. ഇതോടെ വിഷയത്തിൽ പരിഹാരം ഉണ്ടായി.
സ്‌കൂളിലെ ഒരു വിദ്യാർത്ഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ഹിജാബ് ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ഈ മാസം ഏഴിനാണ് സംഭവം. ഇത് കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടരുകയായിരുന്നു. പിന്നാലെ കുട്ടിയുടെ പിതാവ് മറ്റാളുകളെയും കൂട്ടിയെത്തി സ്കൂളിൽ ബഹളമുണ്ടാക്കിയിരുന്നു, സംഭവത്തിൽ ഹൈബി ഈഡൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് കരുതിയ വിവാദമാണ് വീണ്ടും തലപൊക്കിയത്.
എന്നാൽ ഇതിനു പിന്നാലെയാണ് സംഭവത്തിൽ ഇടപ്പെട്ട് വിദ്യാഭ്യാസ മന്ത്രി രംഗത്ത് എത്തുന്നത്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനമാണ് മന്ത്രി നടത്തിയത്. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.