Saturday, April 5, 2025

സിദ്ദിഖിനെതിരായ പരാതി ഗൗരവതരം; പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്; സർക്കാരിനും വിമർശനം; ഹൈക്കോടതി വിധിപ്പകർപ്പ് പുറത്ത്

Must read

- Advertisement -

കൊച്ചി: നടന്‍ സിദ്ധിഖിനെതിരായ ലൈംഗികാതിക്രമ കേസില്‍ പോലീസ് അതിവേഗ നടപടിയിലേക്ക് കടക്കുകയാണ്. മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ നടനെ അറസ്റ്റു ചെയ്യാനുള്ള വഴിതേടുകയാണ് പോലീസ്. പ്രത്യേക അന്വേഷണ സംഘം നടനെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. അതേസമയം നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങളും പുറത്തുവന്നു.

സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശബ്ദതയില്‍ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്. സിദ്ദിഖ് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരായ സിദ്ദിഖിന്റെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, രൂക്ഷ വിമര്‍ശനവുമുന്നയിച്ചു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പരാതിക്കാരിയെ ആക്രമിക്കുന്നത് നിശബ്ദയാക്കാനുള്ള ശ്രമം. പരാതിക്കാരിയുടെ സ്വഭാവത്തെ സംശയിക്കാനാകില്ല. ലൈംഗികാതിക്രമത്തിന് ഇരയായി എന്നതുകൊണ്ട് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത് എന്നും കോടതി ചൂണ്ടികാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കടുത്ത നിശബ്ദത പുലര്‍ത്തിയെന്നും കോടതി വിമര്‍ശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കും, അതിജീവിതമാര്‍ക്ക് മുന്നോട്ട് പോകാനാകുമെന്നും കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

അതേസമയം ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം.

എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസില്‍ അറസ്റ്റ് നടപടിയുള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം, വിധി പകര്‍പ്പ് വന്ന ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ അറിയിച്ചു.

See also  സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടീസ് , അന്വേഷണം ഊർജിതമാക്കി പോലീസ്

സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദിഖിനെതിരായ തെളിവുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article