കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഡി.എൻ.എ. പരിശോധനാ ഫലമടക്കം തെളിവായി സ്വീകരിച്ചാണ് വിചാരണക്കോടതിയുടെ ഉത്തരവെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
റെസിഡെൻഷ്യൽ സ്‌കൂളിൽ താമസിച്ചു പഠിച്ചിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി അവധിക്കു വീട്ടിലെത്തിയപ്പോൾ പീഡിപ്പിക്കപ്പെട്ടെന്നാണ് കേസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ച് ആൺകുഞ്ഞിന് ജന്മവും നൽകി. എല്ലാവരും ഒരുമിച്ച് താമസിക്കുന്ന കുടിലിൽ പീഡനത്തിനിരയായെന്ന വാദം നിലനിൽക്കില്ലെന്നും രക്തസാംപിൾ പരിശോധനയ്ക്കയച്ചതിൽ കാലതാമസമുണ്ടായെന്നുമായിരുന്നു അപ്പീലിലെ വാദം.
കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ശരിവെച്ചത്. കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ഹൈക്കോടതി ശരിവെച്ചത്.