Friday, April 18, 2025

1969 മുതൽ ഡിറ്റർജന്റ് മാർക്കറ്റ് അടക്കിവാണിരുന്ന നിർമ വാഷിംഗ് പൗഡറിനെ തകർത്ത കഥ ഇതാ….

Must read

- Advertisement -

ഗുജറാത്തുകാരനായ ഒരു ഇരുപത്തിനാലുകാരൻ 1969 കാലഘട്ടത്തിൽ തന്റെ സൈക്കിളിൽ സ്വയം നിർമ്മിച്ചെടുത്ത അലക്കുപൊടി വിൽപന ആരംഭിച്ചു. വീടു വീടാന്തരം കയറി ഇറങ്ങിയായിരുന്നു അവന്റെ കച്ചവടം. അന്ന് അവൻ നടത്തിയ കച്ചവടം പിന്നീട് ഇന്ത്യൻ വിപണി കണ്ട വലിയൊരു ബ്രാൻഡായി വളർന്നു. ലാഭക്കൊടുമുടിയിലെത്തിയ ആ ബ്രാൻഡ് ഒരുനാൾ തകർന്നടിഞ്ഞു. പതിറ്റാണ്ടുകളോളം ഇന്ത്യയിലെ വീട്ടമ്മമാരുടെ പ്രിയ വാഷിംഗ് പൗഡർ ആയി തുടർന്ന ‘നിർമ’യുടെ കഥയാണ് ഈ പറഞ്ഞുവന്നത്. നിർമയ്ക്ക് എന്താണ് സംഭവിച്ചത്? ആരാണ് നിർമയെ തകർത്തത്?

ഗുജറാത്തിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെമിസ്‌റ്റായി ജോലി നോക്കുകയായിരുന്നു കർസൻ ഭായി പട്ടേൽ എന്ന യുവാവ്. അവിടെ നിന്നു കിട്ടിയിരുന്ന ശമ്പളം കുടുംബം നോക്കാൻ മതിയാവില്ലെന്ന് മനസിലായതോടെ കർസൻ ഭായി പട്ടേൽ പുതിയൊരു ബിസിനസ് ആശയത്തെ പറ്റി ചിന്തിച്ചു. രസതന്ത്രത്തിൽ ബിരുദമുണ്ടായിരുന്ന കർസന് അതുവഴി തന്നെ പോകുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ വാഷിംഗ് സോഡയും മറ്റു ചില കെമിക്കലുകളും ചേർത്ത് അലക്കുപൊടി നിർമ്മിച്ചു. പലതവണ പരാജയപ്പെട്ടതിന് ശേഷം ഫലപ്രദമായ ഒരു ഉത്പന്നം അയാൾ നിർമ്മിച്ചെടുത്തു.

ചെലവ് കുറഞ്ഞതും എന്നാൽ ഗംഭീര റിസൽട്ട് തരുന്നതുമായ ആ അലക്കുപൊടിക്ക് നിർമ എന്ന പേരും നൽകി. നിരുപമ എന്ന തന്റെ ഒരു വയസുള്ള മകളുടെ പേരിൽ നിന്നാണ് കർസൻ ഭായി നിർമ എന്ന വാക്ക് കണ്ടെത്തിയത്.പ്ളാസ്‌റ്റിക്ക് കവറുകളിൽ അലക്കുപൊടി നിറച്ച് സൈക്കിളിൽ വീടുവീടാന്തരം കച്ചവടം നടത്തി. അക്കാലത്ത് സാധാരണക്കാർ അലക്കാനായി ഉപയോഗിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള സോപ്പു കട്ടകളായിരുന്നു. എന്നാൽ കടുത്ത കറകൾ ഇളക്കാൻ ഇത് അനുയോജ്യമായിരുന്നില്ല. അവരിലേക്ക് കടന്നുവന്ന നിർമ വളരെ പെട്ടെന്ന് ക്ളിക്കായി. അന്ന് ഡിറ്റർജന്റ് മാർക്കറ്റ് അടക്കിവാണിരുന്ന സർഫ് നിർമയുടെ വരവിൽ ആടിയുലഞ്ഞു. കിലോയ്ക്ക് 15 രൂപയ്‌ക്കായിരുന്നു സർഫ് വിറ്റിരുന്നത്. ആ സ്ഥാനത്ത് വെറും 3.50 രൂപയ്ക്ക് നിർമ ഉപഭോക്താക്കളിലെത്തി.

ഡിമാന്റ് നാൾക്കുനാൾക്കു വർദ്ധിച്ചതോടെ അഹമ്മദാബാദിൽ ചെറിയൊരു നിർമ്മാണ യൂണിറ്റ് കർസൻ ഭായി ആരംഭിച്ചു. കമ്പനി വളർന്നു. ഇന്ത്യൻ പരസ്യ രംഗത്തെ ജിംഗിളുകളിൽ സൂപ്പർ ഹിറ്റായി മാറിയ ‘വാഷിംഗ് പൗ‌ഡർ നിർമ’ എന്ന ഗാനം ഉദയം ചെയ്തു. ഗുജറാത്തിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള പലചരക്ക് കടകളിൽ നിർമ പൗഡർ ഇടംപിടിച്ചു. കച്ചവടവും ഗംഭീരമായി നടന്നു. വാഷിംഗ് പൗഡർ മാർക്കറ്റിന്റെ 60 ശതമാനവും നിർമ കൈയടക്കി. നി‌ർമയിൽ 65 ശതമാനവും വാഷിംഗ് സോഡയായിരുന്നു. ഇത് ഗുജറാത്തിലെ ലോക്കൽ മാർക്കറ്റുകളിൽ യഥേഷ്ടം ലഭ്യവുമായിരുന്നു. എന്നാൽ പൗഡറിന് കൂടുതൽ വെൺമ കിട്ടുന്നതിന് വൈറ്റ്‌നിംഗ് ഏജന്റോ, സുഗന്ധത്തിന് മറ്റു ദ്രവ്യങ്ങളോ ചേർത്തിരുന്നുമില്ല. ഇതാണ് ശരിക്കും എതിരാളികൾക്ക് തുറുപ്പ് ചീട്ടായത്.

നിർമയുടെ ദൗർബല്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ മുഖ്യ എതിരാളിയായ സർഫിന്റെ മാതൃകമ്പനി എച്ച്.എൽ.എൽ വലിയൊരു റിസർച്ച് തന്നെ നടത്തി.’സ്‌റ്റിംഗ്’ എന്ന പേരിൽ അവർ നടത്തിയ ആ സീക്രട്ട് ഓപ്പറേഷൻ നിർമയെ തളർത്താനുള്ള പദ്ധതികൾ രൂപീകരിച്ചു. നിർമ ഉപയോഗിക്കുന്നവർ ചില അതൃപ്തികളിലൂടെ കടന്നുപോകുന്നുണ്ടെന്ന് അവർ കണ്ടെത്തി, തുണികൾക്ക് മണമില്ലായ്‌മ, കൈകളിൽ അലർജി എന്നിവയായിരുന്നു അത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി എച്ച്.എൽ.എൽ പരസ്യപ്രചരണം നടത്തി. കൂടാതെ തങ്ങളുടെ പുതിയ ഡിറ്റർജെന്റുകളിൽ മണവും വിലക്കുറവും ഏർപ്പെടുത്തി.

See also  കേരളം കൊടും ചൂടിലേക്ക്……

വീൽ, ഘടി, ഏരിയൽ എന്നിവ അത്തരത്തിൽ രൂപപ്പെട്ടുവന്ന ബ്രാൻഡുകളായിരുന്നു. സാവധാനം നിർമയുടെ മാർക്കറ്റ് ഷെയർ ഇടിഞ്ഞു. പലഘട്ടങ്ങളിലായി തിരിച്ചുവരവിന് കമ്പനി ശ്രമിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സോപ്പുപൊടി നിർമ്മാണത്തിൽ നിന്ന് നിർമ പിന്തിരിഞ്ഞു. എങ്കിലും സോഡ ആഷ്, സിമന്റ് എന്നിവയുടെ നിർമ്മാണത്തിലേക്കും, വിദ്യാഭ്യാസമേഖലയിലേക്കും തിരിഞ്ഞു. ഈ മേഖലകളിൽ വിജയം കൈവരിക്കുകയും ചെയ്തു നമ്പർ വൺ ആകുന്നതിനേക്കാൾ അദ്ധ്വാനം ആവശ്യമാണ് ആ സ്ഥാനം തുടർന്നുകൊണ്ടു പോവുക എന്നത് നിർമയുടെ കഥ വ്യക്തമാക്കി തരുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article