തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും മറ്റുളള ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വരുന്ന ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്ക് പടിഞ്ഞാറൻ-ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം മണിക്കൂറുകൾക്കുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാദ്ധ്യതയുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പിലുണ്ട്.കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളിൽ നാളെ വൈകുന്നേരം അഞ്ചര വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.