പ്രാർത്ഥനയോടെ കേരളം ; എംടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; ആരോഗ്യ വിവരങ്ങൾ തേടി പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും

Written by Taniniram

Published on:

കോഴിക്കോട്: എം ടി വാസുദേവന്‍നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആരോഗ്യ നില മെച്ചപ്പെട്ടുവെന്നാണ് ആശുപത്രി പറയുന്നത്.

മരുന്നുകളോട് നേരിയ രീതിയില്‍ പ്രതികരിക്കുന്നതായി ഇന്ന് രാവിലെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പത്തര മണിയോടെ പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ അനുസരിച്ച് അതേ നില തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ശ്വാസതടസത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും ആശുപത്രിയേയും ബന്ധുക്കളേയും ബന്ധപ്പെട്ടിരുന്നു. എംടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും എംടിയുടെ മകളെ വിളിച്ച് കാര്യങ്ങള്‍ തിരക്കി.

ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി ശ്രീകാന്ത്, മരുമകന്‍ ശ്രീകാന്ത് എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഒപ്പമുണ്ട്. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, മന്ത്രി എ കെ ശശീന്ദ്രന്‍, ചിഞ്ചുറാണി, സാഹിത്യകാരന്‍ എന്‍ എന്‍ കാരശ്ശേരി, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി നന്ദകുമാര്‍ എംഎല്‍എ, എം കെ മുനീര്‍ എംഎല്‍എ, എ പ്രദീപ്കുമാര്‍, സംവിധായകന്‍ ഹരിഹരന്‍, നടന്‍ വിനീത് തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര മേഖലകളിലെ ഒട്ടേറെപ്പേര്‍ എംടിയുടെ കുടുംബത്തിന് ആശ്വാസമേകി ആശുപത്രിയിലെത്തി.

See also  എം.ടി വാസുദേവൻ നായർ അന്തരിച്ചു

Leave a Comment