തൃശൂർ: തിരൂര്‍ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഹെഡ് നഴ്‌സ് മരിച്ചു. തൃശൂർ ചാലക്കുടി വെട്ടുകടവ് തോപ്പിൽ ആന്‍റുവിന്‍റെ ഭാര്യ ടി.ജെ മിനി (48) യാണ് മരിച്ചത്. കോട്ടയ്ക്കൽ ചങ്കുവെട്ടി മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മരണപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങൾ പരിശോധിക്കാൻ നഴ്‌സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്‌സ് ബിനോയ് എന്നിവർക്കൊപ്പമാണ് മിനി ഓങ്കോളജി കെട്ടിടത്തിലെത്തിയത്. പരിശോധിക്കുന്നതിനിടയില്‍ ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തറയിലെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. 8 അടി താഴ്ചയുള്ള അണ്ടർ ഗ്രൗണ്ടിൽ കെട്ടിട നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികയുടെ മുകളിലേക്കാണ് വീണത്.
തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം മിനിയെ കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.