ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കൊവിഡിനുശേഷം കേരളത്തിൽ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിക്കുന്നത് വർഷങ്ങളായി പതിവാണ്. മക്കളും അദ്ദേഹത്തോടൊപ്പം എത്താറുണ്ട്. എന്നാൽ കൊവിഡ് ഉൾപ്പെടെയുള്ള കാരണത്താൽ ഏതാനും വർഷങ്ങളായി പതിവ് മുടങ്ങി. മൂകാംബികയിലടക്കം യേശുദാസിനായി ഇന്ന് പ്രത്യേക പൂജകൾ ചെയ്യുന്നുണ്ട്.പ്രത്യേക ആഘോഷമില്ലാതെയാണ് ഇതിഹാസ ഗായകൻ കെ. ജെ യേശുദാസ് ഇന്ന് ശതാഭിഷിക്തനാവുന്നത്. ഇന്ത്യൻ സമയം രാവിലെ 11നു ഓൺലൈനിൽ എത്തി ആരാധകർക്ക് മുൻപിൽ പിറന്നാൾ കേക്ക് മുറിക്കും. ഭാര്യ പ്രഭ യേശുദാസ് ഒപ്പം ഉണ്ടാവും. ആഘോഷം ഇത്രമാത്രമായിരിക്കും. മോഹൻലാൽ, കെ. എസ് .ചിത്ര ഉൾപ്പെടെ പ്രമുഖർ സൂമ്മിൽ പിറന്നാൾ ആശംസ നേരും.
ഇത്തവണ പിറന്നാളിന് കേരളത്തിൽ ഉണ്ടാവണമെന്ന് യേശുദാസ് ആഗ്രഹിച്ചിരുന്നു. എന്നാൽ, യു.എസിൽ ഈ മാസം 18ന് സംഗീതക്കച്ചേരി ഉള്ളതിനാൽ അസൗകര്യം നേരിട്ടു. ജനുവരി അവസാനം അദ്ദേഹം ചെന്നൈയിൽ എത്തുന്നുണ്ട്. മലയാളത്തിൽ രണ്ടു സിനിമകളുടെ ഗാന റെക്കാഡിംഗിൽ പങ്കെടുക്കുന്നുമുണ്ട്. അതേസമയം, ഇന്ന് യേശുദാസ് അക്കാഡമിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ദാസേട്ടൻ @ 84 എന്ന സംഗീതപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മകനും ഗായകനുമായ വിജയ് യേശുദാസ് ഉൾപ്പെടെയുള്ളവർ അണിനിരക്കും.തിരുവനന്തപുരത്തെ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയായ സൂര്യയുടെ നൃത്ത സംഗീതോത്സവ പരിപാടികൾ എല്ലാ വർഷവും ഒക്ടോബറിൽ യേശുദാസിന്റെ സംഗീതക്കച്ചേരിയോടെയാണ് തുടങ്ങിയിരുന്നത്. എന്നാൽ അതും യേശുദാസ് വരാത്തതിനാൽ മുടങ്ങിയിരുന്നു. ഇക്കുറി വരുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും എത്തിയില്ല.
മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസ് എന്ന നാമം. മഹിമയാർന്ന ആ സ്വരശുദ്ധി പല തലമുറകളെ കീഴടക്കി. ഇന്നും യേശുദാസിന്റെ പാട്ടുകേൾക്കാതെ മലയാളികളുടെ ഒരു ദിവസം കടന്നു പോകാറില്ല.1940 ജനുവരി 10ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന കരിയറിൽ വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 50,000ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്.
മലയാളം പോലെ തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും തരംഗം സൃഷ്ടിച്ചു. ഹിന്ദിയിൽ പാടിയ ഗാനങ്ങളും എക്കാലത്തേയും ഹിറ്റുകളാണ്.പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ നേടുകയും ചെയ്തു. യേശുദാസിന് ഫാൽക്കെ പുരസ്ക്കാരവും ഭാരതരത്നവും നൽകണമെന്ന് അദ്ദേഹത്തിന്റെ ആരാധകർ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.