ഇന്ത്യന്‍ സിനിമാ സംഗീതലോകത്ത് പകരക്കാരനില്ലാത്ത പേരാണ് ഇസൈജ്ഞാനി ഇളയരാജ. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി സംഗീതത്തിന്റെ തമ്പുരാനായി വാഴുന്ന ഇളയരാജയ്ക്ക് ഇന്ന് 81-ാം പിറന്നാൾ. ആയിരത്തിലധികം സിനിമകൾ, അവയിലെ പാട്ടുകൾ… ഒരു ഇളയരാജ ഗാനം ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ദക്ഷിണേന്ത്യന്‍ ജീവിതങ്ങളുടെ ഈണങ്ങളെ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമാക്കിയതിന് ഇളയരാജയുടെ പങ്ക് വളരെ വലുതാണ്.
തേനിയിലെ ഗ്രാമത്തിൽ ജനിച്ച ഇളയരാജ നാട്ടുകാർക്ക് രാസയ്യ ആയിരുന്നു. ചെറുപ്പം മുതൽ പാട്ടിനോട് കമ്പമുള്ള രാസയ്യയെ സംഗീത ഗുരു ധനരാജ് മാസ്റ്ററാണ് രാജയെന്ന് വിളിക്കുന്നത്. നിർമ്മാതാവ് പഞ്ചു അരുണാചലമാണ് ഇദ്ദേഹത്തെ ആദ്യമായി സിനിമയിലേക്ക് കൊണ്ട് വരുന്നത്. ഇദ്ദേഹമാണ് പേരിനൊപ്പം ഇളയ എന്നു കൂടി ചേർത്ത് ഇളയരാജ എന്നാക്കി മാറ്റിയത്. അന്നക്കിളി എന്ന ചിത്രത്തിലൂടെ 33-ാം വയസ്സിൽ വെള്ളിത്തിരയിൽ കാൽവെക്കുമ്പോള്‍ പുതിയൊരു ചരിത്രം കൂടി പിറക്കുകയായിരുന്നു. പിന്നീട് രാജ സ്റ്റൈൽ ഗാനങ്ങൾ വാഴ്ത്തപ്പെട്ടു.
സിനിമയിലെ ഓരോ രംഗങ്ങൾക്കും കോട്ടം തട്ടാതെയുള്ള ഒരു ‘മ്യൂസിക് ട്രീറ്റ്‌മെന്‍റ്’ ഇളയരാജയുടെ സവിഷേതയായിരുന്നു. സിനിമാ താരങ്ങളുടെ പോസ്റ്ററുകളോടൊപ്പം ഇളയരാജയുടെ ചിത്രം കൂടി ഉണ്ടെങ്കിൽ സിനിമ കാണാൻ ആളുകൾ കൂടിയിരുന്ന കാലം വരെ ഉണ്ടായി. ഗാനങ്ങള്‍ ഗായകരിലൂടെ അറിയപ്പെട്ടിരുന്ന കാലത്തുനിന്ന് സംഗീത സംവിധായകരുടെ പേരില്‍ അറിയപ്പെടുന്ന പുതിയകാലം പിറന്നത് രാജയുടെ വരവോടെയാണ്.
തമിഴരുടെ മാത്രമല്ല, മലയാളികളുടേയും നിത്യ ജീവിതത്തിന്‍റെ തന്നെ ഭാഗമായി മാറിയ സംഗീതമാണ് ഇളയരാജയുടേത്. തമിഴ് സിനിമയിൽ പേരും പെരുമയുമുള്ള സമയത്തുതന്നെയാണ് ഇളയരാജ മലയാളത്തിലെത്തുന്നത്. 1978-ൽ പുറത്തിറങ്ങിയ ‘വ്യാമോഹം’ എന്ന ചിത്രമാണ് ഇളയരാജയെ മലയാളത്തിന് പരിചിതനാക്കിയത്. മലയാളത്തിൽ നൂറുകണക്കിന് ഗാനങ്ങൾ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
യാത്രയിലെ തന്നന്നം താനന്നം, മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ആലിപ്പഴം പെറുക്കാന്‍, പുഴയോരത്തിൽ പൂന്തോണി, പൂവായ് വിരിഞ്ഞു… ,താരാപഥം ചേതോഹരം…, ഉണരുമീഗാനം…, താമരക്കിളി പാടുന്നു…, വേഴാമ്പൽകേഴും…, ദേവസംഗീതം നീയല്ലേ…, ആദിയുഷസ്സന്ധ്യ പൂത്തതിവിടെ…, മെല്ലെയൊന്നു പാടിനിന്നെ…, ചെല്ലക്കാറ്റേ ചൊല്ല് ചൊല്ല്…, ആറ്റിൻ കരയോരത്ത് … ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ഇളയരാജ മലയാളത്തിന് സമ്മാനിച്ചു.
കേരള സർക്കാറിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാറിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ആറു തവണയും കേരളസർക്കാരിന്റെ നിശാഗന്ധി പുരസ്കാരത്തിനും ഇദ്ദേഹം അർഹനായി. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യവും ഇളയരാജയെ ആദരിച്ചു. തലമുറകള്‍ കടന്നുപോകുമ്പോഴും ആസ്വാദകരെ രസിപ്പിക്കാന്‍ സാധിക്കുന്നൊരു മാജിക്ക് ഇളയരാജ സംഗീതത്തിനുണ്ട്.