ഗുരുവായൂര്‍ ആനയോട്ടം (guruvayur elephant run )ഫെബ്രുവരി 21 ന് നടക്കും. ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ വര്‍ഷം ദേവസ്വം കര്‍ശന നിയമന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ഭക്തരുടെ സുരക്ഷയ്ക്കാണ് പ്രധാന്യമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ പറഞ്ഞു. . എന്നാല്‍ ആചാരങ്ങള്‍ തെറ്റിക്കാതെയുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
പാപ്പന്മാര്‍ക്ക് വനം വകുപ്പിന്റെ ക്ലാസ്
സുരക്ഷയുടെ ഭാഗമായി ആനയോട്ടത്തില്‍ പങ്കെടുക്കുന്ന ആനകളുടെ പാപ്പാന്മാര്‍ക്ക് വനം വകുപ്പിന്റെ ക്ലാസ് നല്‍കും. 15 ആനകളെ ഉച്ചയ്ക്ക് മഞ്ജുളാല്‍ പരിസരത്ത് അണിനിരത്തും. ആന ചികിത്സ വിദഗ്ദ കമ്മിറ്റി നിശ്ചയിക്കുന്ന അഞ്ചാനകളില്‍ നിന്ന് മൂന്നാനകളെ നറുക്കെടുത്ത് മുന്നില്‍ നിര്‍ത്തും. ക്ഷേത്ര നാഴിക മണി മൂന്നടിച്ചാല്‍ മാരാര്‍ ശംഖ് മുഴക്കുകയും മൂന്ന് ആനകള്‍ ക്ഷേത്ര പരിസരത്തേക്ക് ഓടുകയും ചെയ്യും. ബാക്കിയുള്ള ആനകള്‍ ക്ഷേത്രത്തിനു മുന്നിലെത്തി തൊഴുതു മടങ്ങും. ആദ്യം ഓടിയെത്തുന്ന ആനയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് വിജയായി പ്രഖ്യാപിക്കും. ആന അകത്തു കയറിയതിനു ശേഷം മാത്രമാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുക.