കോട്ടയം (Kottayam): ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. (A student who was undergoing treatment at Kottayam Medical College Hospital died due to Guillain Barrie Syndrome (GBS).) എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകൾ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഗൗതമി.
ഒന്നരമാസത്തിലധികമായി ഗൗതമി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ഇന്നു 11ന് നടക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചത്. ആരോഗ്യനില മോശമായ അവസ്ഥയിലാണു ഗൗതമിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്നു മെഡിസിൻ വിഭാഗം അഡിഷനൽ പ്രൊഫ ഡോ. പ്രശാന്തകുമാർ പറഞ്ഞു.
ചികിത്സയ്ക്കിടെ ഗൗതമിക്കു ഹൃദയാഘാതമുണ്ടായെങ്കിലും അതിനെ അതിജീവിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ്, നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ദീർഘനാളത്തെ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതാണെങ്കിലും ചിലരിൽ മരണ കാരണമാകാറുണ്ട്. ഏതു പ്രായക്കാരെയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ജിബിഎസ് പകർച്ചവ്യാധിയല്ല.