വമ്പൻ അജണ്ടകളുമായി സർക്കാർ; ക്ഷേമ പെന്‍ഷന്‍ 2,000 രൂപയാക്കുന്നു

Written by Web Desk1

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരുടെ വലിയ ആശ്രയമായി മാറിക്കഴിഞ്ഞ ക്ഷേമ പെന്‍ഷന്‍ കുത്തനെ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍. തുടര്‍ഭരണത്തിന് ശേഷം ക്ഷേമ പെന്‍ഷന്‍ കൂട്ടിയിട്ടില്ലെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതിഷേധം സജീവമാണ്. മാത്രമല്ല, അഞ്ചു മാസത്തെ പെന്‍ഷന്‍ കൊടുക്കാന്‍ ശേഷിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് കൊടുത്തു തീര്‍ക്കാനും ശ്രമം ആരംഭിച്ചു.

നിലവില്‍ 1,600 രൂപയാണ് വിവിധ ക്ഷേമ പെന്‍ഷനുകളായി സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 2,000 രൂപയാക്കാനാണ് നീക്കം. 2,500 രൂപ പെന്‍ഷന്‍ നല്‍കുമെന്നായിരുന്നു ഇടതുപക്ഷം പ്രകടനപത്രികയില്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഭരണത്തിലെത്തിയശേഷം സാമ്പത്തിക പ്രതിസന്ധിയായതോടെ പെന്‍ഷന്‍ വര്‍ധന നിലച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണയും പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എല്ലാ മാസവും കൃത്യമായി ശമ്പളവും പെന്‍ഷനും നല്‍കുന്ന രീതിയില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സ്ഥിരം സംവിധാനമുണ്ടാകും. നിലവില്‍ ഒരു മാസം 60 ലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു. 900 കോടി രൂപയോളമാണ് ഇതിനായി വേണ്ടിവരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക്, ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് കേരളത്തിലാണ്.

ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കുമ്പോള്‍ മാസം 1100 കോടി രൂപയിലധികം സംസ്ഥാനം കണ്ടെത്തേണ്ടതുണ്ട്. ക്ഷേമ പെന്‍ഷനായി സ്ഥിരം വരുമാനം മാറ്റിവെക്കുന്ന രീതിയിലേക്ക് മാറിയാല്‍ എല്ലാ മാസവും മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പെന്‍ഷന്‍ നല്‍കാനായി സെസ് നടപ്പാക്കിയെങ്കിലും വര്‍ഷം 800 കോടി രൂപയോളം മാത്രമേ ഇതില്‍ നിന്നും ലഭിക്കുകയുള്ളൂ.

യുഡിഎഫ് സര്‍ക്കാര്‍ 30 ലക്ഷത്തോളം പേര്‍ക്ക് 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷനായി നല്‍കിയിരുന്നത്. ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ടായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് അത് 1600 രൂപയായത്. ആദ്യ പിണറായി സര്‍ക്കാരിന് പെന്‍ഷന്‍ കൃത്യമായി കൊടുക്കാന്‍ സാധിച്ചു. എന്നാല്‍, കഴിഞ്ഞ ചില മാസങ്ങളിലായി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തനത് വരുമാനം വലിയ തോതില്‍ വര്‍ധിപ്പിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേന്ദ്ര ഫണ്ട് വിതരണം ചെയ്യാതേയും സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

See also  സിനിമാ മേഖലയിലെ ദുരനുഭവം തുറന്നുപറയാൻ ആരെയും പേടിയില്ല; തുറന്ന് പറഞ്ഞ് പ്രിയങ്ക

Related News

Related News

Leave a Comment