`ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ട്ടമായ സർക്കാർ രേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങണ്ട, എല്ലാം ഒരിടത്ത് ലഭിക്കും’ ; മന്ത്രി കെ രാജൻ

Written by Web Desk1

Published on:

വയനാട് (Wayanad) : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജന്‍. നഷ്ടമായ റവന്യൂ-സർവകലാശാല രേഖകൾ അടക്കം എല്ലാ സർക്കാർ രേഖകളും ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജൻ അറിയിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ നഷ്ടമായ എല്ലാവർക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറിൽ തന്നെ കണക്ഷൻ എടുത്ത് ക്യാമ്പിൽ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജൻ നൽകിയിട്ടുണ്ട്.

‘മന്ത്രിസഭ ഉപസമിതിയുടെ അംഗം എന്ന നിലയിലും റവന്യു വകുപ്പ് മന്ത്രി എന്ന നിലയിലും ഉറപ്പ് നൽകുകയാണ്, ഇനി പല ഓഫീസുകളിൽ അവർക്ക് രേഖകൾ അന്വേഷിച്ച് പോകേണ്ടി വരില്ല. നമുക്ക് ഒരു സിംഗിൾ പോയിൻ്റിൽ അവർക്ക് ആവശ്യപ്പെട്ട എന്ത് രേഖകളും കൊടുക്കാൻ, ആവശ്യമെങ്കിൽ ഒരു അദാലത്ത് ഉൾപ്പടെ കൊടുത്തു കൊണ്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കൊടുക്കാനുള്ള സംവിധാനം ജില്ല ഭരണകൂടം തന്നെയുണ്ടാക്കു’മെന്നും മന്ത്രി വ്യക്തമാക്കി. ‘അതത് വകുപ്പുകളുമായി ഞങ്ങൾ തന്നെ ആലോചിച്ചുകൊള്ളാം. റവന്യുവിൻ്റെ മാത്രമല്ല മറ്റെല്ലാ മേഖലകളിലും നഷ്ടപ്പെട്ട രേഖകളെല്ലാം ഒരിടത്ത് തന്നെ ലഭിക്കുന്ന സംവിധാനം സർക്കാർ ഏർപ്പാടാക്കും. റിക്കവറി കഴിഞ്ഞാൽ ആദ്യത്തെ നടപടി അതായിരിക്കും’, മന്ത്രി പറഞ്ഞു.

ആളുകൾ നഷ്ടപ്പെട്ട മൊബൈലിൽ ഉപയോഗിച്ച നമ്പറുകൾ വീണ്ടെടുത്ത് നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ‘നിരവധിപേരുടെ മൊബൈൽ ഫോണുകൾ നഷ്ടമായിട്ടുണ്ട്. അവർക്ക് മൊബൈൽ ഫോൺ തിരിച്ചുകൊടുക്കുക മാത്രമല്ല, നഷ്ടപ്പെട്ട നമ്പർ ഓർമ്മയുണ്ടെങ്കിൽ, അവരുടെ വിരലടയാളത്തിലൂടെ നമ്പർ തിരിച്ചെടുക്കാൻ കഴിയുമെങ്കിൽ ഉച്ചയ്ക്ക് ശേഷം തന്നെ എല്ലാ ക്യാമ്പുകളിലും പ്രത്യേക സംവിധാനത്തെ അണിനിരത്തിക്കൊണ്ട് മൊബൈൽ നമ്പർ പുനസ്ഥാപിക്കാനുള്ള എല്ലാ നടപടിയും ആരംഭിക്കുമെന്ന ഒരു കാര്യം കൂടി റിപ്പോർട്ടറിന് ഉറപ്പ് നൽകുന്നു. അതിന് വേണ്ടി പ്രത്യേകം കൗണ്ടറുകളും സജ്ജീകരിക്കും’ കെ രാജൻ വ്യക്തമാക്കി.

See also  സ്വകാര്യ വ്യക്തിയുടെ കുളത്തിൽ 13 വയസ്സുകാരൻ മരിച്ച നിലയിൽ…

Leave a Comment