ചെന്നൈ : എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇ ഡിയുടെ മിന്നല്‍ റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലാണ് ഇഡി സംഘം എത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഗോകുലം ചിറ്റ്‌സിന്റെ കോര്‍പറേറ്റ് ഓഫീസിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. 2023 ഏപ്രിലില്‍ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചിയിലെ ഓഫീസില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട ചില പരിശോധനകളെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍ എന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരം. ഇപ്പോള്‍ ഏത് സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത് എന്ന കാര്യവും വ്യക്തമല്ല. എന്നാല്‍, എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തില്‍ ഇഡി എത്തിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എമ്പുരാന്‍ സിനിമ ലൈക്ക പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ എത്തിയപ്പോള്‍ അവസാന നിമിഷമാണ് ഗോകുലം ഗോപാലന്‍ രക്ഷകനായി എത്തിയത്. പിന്നീട് എമ്പുരാന്‍ വിവാദമായതോടെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്ന് ഗോകുലം ഗോപാലന്‍ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയില്‍ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍മാതാക്കള്‍ തന്നെ ഇടപെട്ട് 24 കട്ടുകള്‍ നടത്തിയിരുന്നു. വിവാദ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കി റീ -സെന്‍സറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.