എമ്പുരാനില്‍ കണക്കില്‍പ്പെടാത്ത പണമിറക്കിയെന്ന് ഇഡിക്ക് സംശയം; എല്‍.ടി.ടി.ഇ ബന്ധം ആരോപിച്ച് RSS മുഖപത്രം, ഗോകുലം ഗോപാലാനെ ഇന്നും ചോദ്യം ചെയ്തേക്കും
ഗോകുലം ഗോപാലന്റെ കീഴിലുള്ള ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ സിനിമയിലടക്കം കോടികള്‍ നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇഡിക്ക് സംശയം. ശ്രീ ഗോകുലം ചിറ്റ്സില്‍ പ്രവാസികളില്‍നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചെന്നൈയിലെ ഓഫിസിലെത്തിച്ചത്. കോടമ്പാക്കത്തെ ഓഫിസിലാണ് അദ്ദേഹത്തെ എത്തിച്ചത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് എത്രയും വേഗം ഗോകുലം ഗോപാലനോട് ചെന്നൈയിലെത്താന്‍ ഇഡി. ആവശ്യപ്പെട്ടത്. കോഴിക്കോട്ടുനിന്ന് ഇഡി ഉദ്യോഗസ്ഥനൊപ്പമാണ് ഗോകുലം ഗോപാലന്‍ ചെന്നൈയിലെത്തിയത്.
രാത്രി വൈകിയും ഇഡി ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ഗോകുലം ചിട്ടിയിടപാടുകളുമായി ബന്ധപെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022 ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തികയിടപാടുകളും പരിശോധിക്കുന്നുണ്ട്.
ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. ഇന്നലെ ഗോപാലന്റെ മകന്‍ ബൈജു ഗോപാലനില്‍ നിന്നും ഇഡി വിവരങ്ങള്‍ തേടിയിരുന്നു.
ഇതിനിടെ എമ്പുരാനില്‍ നിക്ഷേപിക്കാന്‍ എല്‍.ടി.ടി.ഇയുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ഗുരുതര ആരോപണം ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ ഉന്നയിച്ചിട്ടുണ്ട്.