കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ 2025 ജനുവരി 12 മുതൽ 23 വരെ ശ്രീ പാർവ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം നടക്കും. ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് അൻവർ സാദത്ത് എം. എൽ.എയുടെയും സബ് കളക്ടർ കെ.മീരയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദർശനത്തിനായി സാധാരണ ക്യൂ കൂടാതെ വെർച്വൽ ക്യൂ ബുക്കിംഗ് (thiruvairanikkulam virtual queue booking 2025) ജനുവരി 1 മുതൽ ആരംഭിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
ആലുവ ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം ഷംസുദ്ദീൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ അഡ്വ.ഷബീർ അലി, വാർഡ് മെമ്പർ ഷിജിത സന്തോഷ്, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ. മോഹനൻ, പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ. നന്ദകുമാർ, ജോ.സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി, മാനേജർ എം.കെ. കലാധരൻ, മുൻ സെക്രട്ടറി കെ.എ. പ്രസൂൺ, വിവിധ ഗവ. ഡിപ്പാർട്ട് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.ഭക്തജനങ്ങൾക്ക് കുളിക്കുന്നതിനായി പെരിയാറിലെ കൂട്ടിക്കൽ കടവ് വൃത്തിയാക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി.
ഗതാഗത നിയന്ത്രണത്തിനും മോഷണം തടയുന്നതിനും പൊലീസ് സേനയെ വിന്യസിക്കും.അനധികൃത മദ്യ വില്പനയും ലഹരി പദാർത്ഥങ്ങളുടെ വ്യാപനവും തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് വകുപ്പിന് നിർദ്ദേശം നൽകി.ഉത്സവ ദിവസങ്ങളിൽ 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് ഫയർ ക്രൂവിന്റെ സേവനം ലഭ്യമാക്കും.
ഭക്ഷണശാലകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഫുഡ് ആൻഡ് സേഫ്റ്റ് ഡിപ്പാർട്ട്‌മെന്റിനെ ചുമതലപ്പെടുത്തി. സമ്പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആയിരിക്കും ഉത്സവ ആഘോഷങ്ങൾ നടക്കുക. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.