ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാകുന്നു.വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിര്‍മിച്ച് ആളുകളെ കബളിപ്പിച്ച് പണം അപഹരിക്കുക എന്ന പതിവ് രീതി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.. സെലിബ്രിറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉപയോഗിച്ചും മറ്റും നടത്തുന്ന ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്നവര്‍ നിരവധിയാണ്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ വ്യാജ അക്കൗണ്ട് നിര്‍മിച്ച് ആളുകളെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചിരിക്കുകയാണിപ്പോള്‍.
അടുത്തിടെ ഝാര്‍ഖണ്ഡില്‍നിന്നുള്ള മന്‍തു സോണി എന്ന ഫെയ്സ്ബുക് ഉപയോക്താവിനാണ് ഇത്തരത്തില്‍ ഒരനുഭവം. ദ്രൗപദി മുര്‍മുവിന്റെ പേരും ചിത്രവും മറ്റുവിവരങ്ങളും ഉപയോഗിച്ചുള്ള അക്കൗണ്ടില്‍നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വരികയായിരുന്നു. ‘ജയ്ഹിന്ദ്, എന്തൊക്കെയുണ്ട് വിശേഷം?’ എന്നാണ് രാഷ്ട്രപതിയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് വന്ന ആദ്യ സന്ദേശം. ‘ഞാന്‍ വളരെ വിരളമായേ ഫെയ്സ്ബുക് ഉപയോഗിക്കാറുള്ളൂ, നിങ്ങളുടെ വാട്സാപ്പ് നമ്പര്‍ അയക്കൂ’ എന്നായിരുന്നു അടുത്ത സന്ദേശം.
ഇതോട മന്‍തു വാട്സാപ്പ് നമ്പര്‍ നല്‍കി. അല്പംകഴിഞ്ഞ് ഫെയ്സ്ബുക് മെസ്സഞ്ചറില്‍ വീണ്ടും സന്ദേശം: നിങ്ങളുടെ നമ്പര്‍ ഞങ്ങള്‍ സേവ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വാട്സാപ്പ് കോഡ് നിങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ദയവായി ആ ആറക്ക നമ്പര്‍ ഞങ്ങള്‍ക്കയക്കൂ.’ തട്ടിപ്പ് മനസ്സിലായ മന്‍തു ഉടന്‍തന്നെ എക്സില്‍ ഇക്കാര്യം പങ്കുവെച്ചു. രാഷ്ട്രപതി ഭവനെയും ഝാര്‍ഖണ്ഡ് പോലീസിനെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. സംഭവത്തില്‍ റാഞ്ചി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണമാരംഭിച്ചു.