റേഷന്‍ കടക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ റേഷനിങ് ഓഫിസര്‍ക്ക് നാല് വര്‍ഷം തടവും പിഴയും

Written by Web Desk1

Published on:

തിരുവനന്തപുരം: റേഷന്‍ കടക്കാരനില്‍ നിന്നു പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ തിരുവനന്തപുരം സിറ്റി നോര്‍ത്ത് റേഷനിങ് ഓഫിസറായിരുന്ന പ്രസന്ന കുമാറിനെ വിജിലന്‍സ് കോടതി നാല് വര്‍ഷം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

2014ല്‍ തിരുവനന്തപുരം സിറ്റി നോര്‍ത്ത് റേഷനിങ് ഓഫീസറായിരുന്നു പ്രസന്നകുമാര്‍. പട്ടത്തെ റേഷന്‍ കട നടത്തിയിരുന്ന ആളാണ് കേസിലെ പരാതിക്കാരന്‍. അദ്ദേഹത്തിന് പരുത്തിപ്പാറയിലുള്ള മറ്റൊരു റേഷന്‍ കടയുടെ അധിക ചുമതല കൂടി നടത്തിപ്പിനായി നല്‍കിക്കൊണ്ട് ജില്ലാ സപ്ലൈ ഓഫിസര്‍ 2014 ജൂലൈ 25ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പുതുതായി ലഭിച്ച റേഷന്‍ കട നടത്തുന്നതിന് സിറ്റി നോര്‍ത്ത് റേഷനിങ് ഓഫിസറായിരുന്ന പ്രസന്നകുമാര്‍ 10,000 രൂപ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടു. ഇക്കാര്യം കടയുടമ വിജിലന്‍സിനെ അറിയിച്ചു.

2014 സപ്തംബര്‍ മാസം 24ന് റേഷന്‍ കടക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയപ്പോള്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിലെ ഡിവൈഎസ്പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈയോടെ പിടികൂടി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രസന്ന കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നാല് വര്‍ഷം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. പിന്നാലെ പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

Related News

Related News

Leave a Comment