സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

Written by Taniniram CLT

Published on:

സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം (Lift Bridge) യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് (Pinarayi Vijayan) പാലം നാടിന് സമർപ്പിച്ചത്. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുക്കിയിരിക്കുന്നത്. കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സർവീസ് റോഡിൽനിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ് പാലം തുറക്കുന്നത്.

ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചു റോഡ് നിരപ്പിൽനിന്ന് അഞ്ച് മീറ്റർ വരെ ഉയർത്താനാകുമെന്നതാണ് ലിഫ്റ്റ് പാലത്തിന്റെ പ്രത്യേകത. റിമോട്ട് കൺട്രോളർ കൊണ്ട് പാലം പ്രവർത്തിപ്പിക്കാൻ കഴിയും. പരമാവധി ശേഷി 100 ടൺ ആയ പാലം വൈദ്യുതിയിലും ജനറേറ്ററിലും പ്രവർത്തിക്കും. പാലത്തിന്റെ ട്രയൽ റൺ അടുത്ത ആഴ്ച നടത്താനാണ് അധികൃതരുടെ തീരുമാനം.

18.5 കിലോമീറ്റർ ദൈർഘ്യം വരുന്ന കോവളം ബേക്കൽ ജലപാതയിൽ സ്ഥാപിക്കുന്ന മൂന്നു ലിഫ്റ്റ് പാലങ്ങളിൽ ആദ്യത്തേതാണ് കരിക്കകത്ത് നിർമാണം പൂർത്തിയായത്. മൂന്നര കോടി രൂപ ചെലവഴിച്ചാണ് നിർമാണം.

Leave a Comment