ബിസിനസ് സംരംഭക ദിയ കൃഷ്ണയുടെയും ആരോപണ വിധേയരായ ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരിശോധിക്കും. ഇതിനായി ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്കി. സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടന്നുവെന്നാണ് വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇരുഭാഗത്തെ പരാതികളും എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് തീരുമാനം.
സ്ഥാപനത്തിലെ ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി പണം തട്ടിയെന്ന് ആരോപിച്ചായിരുന്നു ദിയ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെ തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാരോപിച്ച് ജീവനക്കാര്‍ നടന് കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ നല്കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ഇതിനിടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മുന്‍ ജീവനക്കാര്‍ക്കൊപ്പം നടി അഹാന, ദിയ, ദിയയുടെ ഭര്‍ത്താവ് അശ്വിന്, കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു, മറ്റ് മക്കളായ ഇഷാനി, ഹന്‍സിക എന്നിവരേയും കാണം. അഹാനയും സിന്ധുവും ദിയയുമാണ് മുന്‍ ജീവനക്കാരോട് സംസാരിക്കുന്നത്.