തടി കൂടുതലുണ്ടെന്ന് പറഞ്ഞ് ആറുവയസ്സുകാരനായ മകനെ അച്ഛന്‍ ട്രെഡ്മില്ലില്‍ അമിത വേഗതയില്‍ പരിശീലനം നടത്തി. ഗുരുതരമായി പരിക്കേറ്റ ആറുവയസ്സുകാരന്‍ രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചു. ന്യൂമോണിയ മൂലമാണ് മകന്‍ മരിച്ചതെന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ ട്രെഡ്മില്ലില്‍ അമിത വേഗതിയില്‍ കുട്ടിയെ പരിശീലിപ്പിക്കാൻ ശ്രമിച്ചതാണ് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ആറുവയസ്സുകാരന്‍ കോറി മിക്കിയോളോയുടെ മരണവുമായി ബന്ധപ്പെട്ട് 31 കാരനായ പിതാവ് ക്രിസ്റ്റഫര്‍ ഗ്രിഗര്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.
കുട്ടിയുടെ മരണത്തിന് ട്രെഡ്മില്ലുമായി യാതൊരു ബന്ധവുമില്ലെന്ന് ക്രിസ്റ്റഫറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, പ്രോസിക്യൂട്ടര്‍മാര്‍ ഈ വാദത്തെ ശക്തമായി എതിര്‍ത്തു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ തെളിവായി നല്‍കി പിതാവ് കാരണമാണ് കുട്ടിക്ക് മാരകമായി മുറിവേറ്റതെന്നും അതാണ് മരണകാരണമെന്നും അവര്‍ വാദിച്ചു. 2021 മാര്‍ച്ച് 20ന് ന്യൂജെഴ്‌സിയിലെ അറ്റ്‌ലാന്റിക് ഹൈറ്റ്‌സ് ക്ലബ്ഹൗസില്‍വെച്ചാണ് പിതാവ് കുട്ടിയെ ക്രൂരമായ ട്രെഡ്മില്‍ അഭ്യാസം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അമിത ശരീരഭാരമുണ്ടെന്ന് കരുതി ക്രിസ്റ്റഫര്‍ കുട്ടിയെ ക്രൂരമായ രീതിയില്‍ ട്രെഡ്മില്ലില്‍ പരിശീലിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.
ട്രെഡ്മില്ലില്‍ വേഗതയും ചെരിവും വര്‍ധിപ്പിച്ചാണ് കുട്ടിയെ അതില്‍ ഓടിച്ചതെന്ന് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പലതവണ കുട്ടി ട്രെഡ്മില്ലില്‍ നിന്ന് വഴുതിമാറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വളരെയധികം വിഷമിക്കുന്ന കുട്ടിയെ ഇതേ നിലയില്‍ തന്നെ തുടരാനാണ് ക്രിസ്റ്റഫര്‍ നിര്‍ബന്ധിച്ചത്. എന്നാല്‍, കുട്ടി വളരെയധികം ബുദ്ധിമുട്ടിലായതോടെ ക്രിസ്റ്റഫര്‍ ട്രെഡ്മില്ലിന്റെ വേഗത കുറയ്ക്കുകയും കുട്ടിയെ വിശ്രമിക്കാന്‍ അനുവദിക്കുകയും ചെയ്തു.