എറണാകുളം (Eranakulam) : എറണാകുളം ചിറ്റൂരിൽ ഫെറിക്ക് സമീപം അച്ഛനെയും മകനെയും ഓടുന്ന കാറിൽ വലിച്ചിഴച്ച് ക്രൂരത. ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാണ് ആരോപണം.
ലോറി ഡ്രൈവറായ അക്ഷയിനെയും പിതാവ് സന്തോഷിനെയുമാണ് കാര്‍ യാത്രികര്‍ കാറിൽ വലിച്ചിഴച്ചത്. സന്തോഷിനെ ഇരുന്നൂറ് മീറ്ററോളവും അക്ഷയെ അഞ്ഞൂറ് മീറ്ററോളവും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കാറില്‍ ഉണ്ടായിരുന്നത്. പൊലീസിൽ പരാതി നല്‍കിയിട്ട് വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും കാർ യാത്രക്കാരെ വിട്ടയച്ചു.
ഞായറാഴ്ച ആസ്റ്റര്‍ മെഡിസിറ്റിക്ക് സമീപത്തുനിന്നും അക്ഷയും സഹോദരിയും സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളിതെറിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അക്ഷയ് കാറിന് മുന്നില്‍ സ്‌കൂട്ടര്‍ കുറുകേ വെച്ച് സൂക്ഷിച്ചു പൊയ്ക്കൂടെ എന്ന തരത്തില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമാവുകയും കാര്‍ ഉടമ അക്ഷയുടെ കോളറിന് കുത്തിപ്പിടിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാരടക്കം ഇടപെട്ട് തര്‍ക്കം പരിഹരിച്ചിരുന്നു.
ഇതിന് പിന്നാലെ അര്‍ജുനും സഹോദരിയും തിരികെ വീട്ടിലേക്ക് വരുമ്പോൾ കാര്‍ ഇവരെ പിന്തുടരുകയും വീടിനകത്തേക്ക് കയറിയതിനുശേഷം കാര്‍ മുന്നോട്ട് പോകുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞ് ഇതേ കാര്‍ തിരികെ വരുകയും വീടിന് പുറത്തുണ്ടായിരുന്ന അക്ഷയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഇത് കണ്ട സഹോദരി വീട്ടിലുണ്ടായിരുന്ന അച്ഛനോടു വിവരം പറഞ്ഞു. തുടര്‍ന്ന് സന്തോഷ് എത്തിയതോടെ കാറിലുണ്ടായിരുന്നവരുമായി വാക്കേറ്റം രൂക്ഷമായി. തുടര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്നവര്‍ അക്ഷയേയും അച്ഛനേയും കാര്‍ നീങ്ങവേ വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.