നെല്ലെല്ലാം പതിരായി: കൃഷിക്കാര്‍ പ്രതിസന്ധിയില്‍

Written by Taniniram

Updated on:

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല കോൾപടവ് ഏറെയുള്ള ജില്ലയാണ്. മികച്ച രീതിയിൽ നെൽകൃഷി ചെയ്തുപോരുന്ന പാടശേഖരങ്ങളുടെ നാട്. സംസ്ഥാനത്തുടനീളം ബാധിച്ച ഉഷ്ണതരംഗത്തെ തുടർന്ന് ഇരിങ്ങാലക്കുട മേഖലയിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കാറളത്ത് ആയിരത്തോളം ഏക്കർ നെൽകൃഷി ചെയ്‌ത കർഷകർ ദുരിതത്തിലും പ്രതിസന്ധിയിലുമായി. .

ഈ സമയത്ത് നെല്ല് കൊയ്തെടുക്കേണ്ട സമയമാണ്. കൊയ്യുമ്പോൾ നെല്ലില്ലാതെ എല്ലാം പതിരായിട്ടാണ് കാണുന്നതെന്നാണ് കാറളത്തെ കർഷകരുടെ പരാതി. ഒരു ഏക്കർ നെൽപ്പാടം കൊയ്‌തു കഴിഞ്ഞാൽ സാധാരണയായി 32 ക്വിൻ്റലോളം നെല്ല് കിട്ടേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് വെറും 150 കിലോ മുതൽ 1500 കിലോ മാത്രമാണെന്ന് അവർ പറയുന്നു.

കൊയ്ത്ത് യന്ത്രം ഒരു മണിക്കൂറിന് 2100 രൂപ വരെയാണ് ചെലവ്. രണ്ട് മണിക്കൂർ സമയം കൊയ്‌താൽ കൊയ്ത്‌തു ചെലവ് പോലും കിട്ടാത്ത സാഹചര്യമാണെന്ന് ജില്ലാ കോൾ കർഷക സംഘം എക്സിക്യൂട്ടീവ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ വി എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.

അധികം പതിരായ നെല്ല് എടുക്കാൻ മില്ലുകൾ തയ്യാറാകുന്നില്ല. അത് കൊണ്ട് കൊയ്ത്ത് തന്നെ ഉപേക്ഷിക്കേണ്ട നിലയിലാണ് ഇവിടത്തെ കർഷകർ. കാറളം പഞ്ചായത്തിൽ മാത്രം മൂവായിരം ഏക്കറിലാണ് നെൽകൃഷി ഇറക്കിയിട്ടുള്ളത്. ഇതിൽ പകുതിയോളം ഭാഗികമായും, 25 % പൂർണ്ണമായും ഉഷ്ണ തരംഗം ബാധിച്ച അവസ്ഥയിലാണ്.

120 ഓളം കർഷകർക്കായി ലക്ഷങ്ങളുടെ നഷ്ടമാണ് ഉഷ്ണതരംഗത്തെ തുടർന്ന് സംഭവിച്ചിട്ടുള്ളതെന്ന് കണക്കാക്കിയിട്ടുണ്ട്. വേനലിൽ ജലസ്രോതസ്സുകൾ വറ്റിയതും കൃഷിക്ക് വേണ്ടതായ ജലം ലഭിക്കാതെ വന്നതുകൊണ്ടാണ് നെൽകൃഷി നശിക്കാൻ കാരണം എന്ന് കർഷകർ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വരും വർഷങ്ങളിലും കടുത്ത ചൂട് എന്ന അവസ്ഥ ആവർത്തിച്ചാൽ സെപ്റ്റംബറിൽ തന്നെ കൃഷിയിറക്കി മാർച്ചിന് മുമ്പായി കൊയ്‌ത്‌ എടുക്കേണ്ടി വരുമെന്നും, മൂപ്പ് കുറഞ്ഞതും പ്രത്യുൽപ്പാദന ശേഷിയുള്ളതുമായ വിത്തുകൾ ഉപയോഗിക്കേണ്ടി വരുമെന്നും, ഇതിനു മുമ്പായി കാർഷിക സർവ്വകലാശാല അധികൃതർ നേരിട്ടെത്തി സ്ഥലം സന്ദർശിക്കണമെന്നുമാണ് പ്രദേശവാസികളായ കർഷകരുടെ ആവശ്യം.

See also  സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു; 28 പേർ പീഡിപ്പിക്കാൻ ശ്രമിച്ചു, ആരോപണങ്ങളുമായി ചാർമിള

Related News

Related News

Leave a Comment