തിരുവനന്തപുരം (Thiruvananthapuram) : ഇനിമുതൽ വിലകൂടിയ പ്രീമിയം ബ്രാന്‍ഡ് മദ്യം (Premium brand liquor) ഓണ്‍ലൈന്‍ ബുക്കിംഗി(Online booking) ലൂടെ വീടുകളിലെത്തിച്ച് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം മന്ത്രി എം.ബി.രാജേഷി(Minister MB Rajesh)
ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ മേധാവികളുടെ യോഗത്തിലാണ് ഈ നിര്‍ദ്ദേശം. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വഴി മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിന് സാധിക്കൂ. ഒന്നാം തീയതിയിലെ ഡ്രൈ ഡേ (Dry day) ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും ടൂറിസം വകുപ്പിന്റെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
മദ്യം വീടുകളില്‍ എത്തിക്കുന്നതു സംബന്ധിച്ച് കരട് തയ്യാറാക്കി സി.പി.എമ്മിലും ഇടതുമുന്നണിയിലുമടക്കം ചര്‍ച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം. നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഒഡിഷയിലും 2020ല്‍ പശ്ചിമ ബംഗാളിലും നടപ്പാക്കിയിട്ടുണ്ട്. അതേസമയം, ഇവിടെ എതിര്‍പ്പുണ്ടാകാന്‍ സാദ്ധ്യത ഏറെയാണ്.
കൊവിഡ് കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് ഹോം ഡെലിവറിയെക്കുറിച്ച് ആലോചിച്ചെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ ഉപേക്ഷിച്ചിരുന്നു.ജൂണ്‍ 13ന് ബാറുടമകളുടെയും മദ്യവിതരണ കമ്പനി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി വിളിച്ചിച്ചുണ്ട്. തുടര്‍ന്ന് ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമാകും ഡ്രൈ ഡേ ഒഴിവാക്കുന്നതിലും അന്തിമ തീരുമാനം.
ബാറുടമകള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഒഴിവാക്കിയാല്‍ ശക്തമായ രാഷ്ട്രീയ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.പ്രതിദിനം ശരാശരി 50 കോടിയോളമാണ് ബെവ്‌കോയുടെ ആകെ വിറ്റുവരവ്. ഡ്രൈ ഡേ ഒഴിവാക്കിയാല്‍ വര്‍ഷത്തില്‍ 12 ദിവസത്തെ അധികവരുമാനം സര്‍ക്കാരിന് കിട്ടും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമാകും പുതിയ മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിക്കുക.