ഈസ്റ്ററിന് (Easter) പിന്നാലെ പെരുന്നാളും വിഷുവും (Ramzan, Vishu) എത്തുമ്പോഴും ആളനക്കമില്ലാതെ മാവേലിസ്റ്റോർ.(Supplyco). സബ്സിഡിയിനത്തിൽ ആകെയുള്ളത് കടലയും പയറും മാത്രം.13 ഇനങ്ങളാണ് സബ്സിഡിയിനത്തിൽ മാവേലി സ്റ്റോറി (Supplyco) യിലുണ്ടാവേണ്ടത്. അത് തന്നെ കഴിഞ്ഞ മാസം വില കൂട്ടിയിരുന്നു. എന്നിരുന്നാലും പൊതുവിപണിയിലെ കടുംവിലയ്ക്ക് കുറച്ച് ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. രണ്ടു മാസത്തോളമായി മാവേലിസ്റ്റോറിൽ തീരെ തിരക്കില്ല.
സപ്‌ളൈകോയാണ് മാവേലി സ്റ്റോറിൽ സാധനങ്ങൾ എത്തിക്കുന്നത്. ഓണത്തിനു ശേഷം കാര്യമായ തോതിൽ ഒന്നും എത്തിയിട്ടില്ല. സപ്‌ളൈകോയുടെ താങ്ങാനാവാത്ത കടബാദ്ധ്യതയാണ് പ്രശ്നങ്ങൾക്ക് കാരണം. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം, സാമൂഹിക വകുപ്പിന് നൽകിയ കിറ്റ് ഇനങ്ങളിലായി വേറെയും ബാദ്ധ്യതയുണ്ട്.
കരാറുകാരുടെ കുടിശ്ശിക കുന്നുകൂടിയതിനാൽ അവരും ഒന്നുമെത്തിക്കുന്നില്ല. ഇതാണ് നിലവിലെ പ്രശ്നം രൂക്ഷമാകാൻ കാരണം. നിലവിലെ സാഹചര്യം മറികടക്കാൻ സപ്‌ളൈകൊ നെട്ടോട്ടമോടുമ്പോൾ കാലിയായ ഖജനാവ് കാണിച്ച് കൈ മലർത്തുകയാണ് സർക്കാർ.
സബ്സിഡി ഉത്പന്നങ്ങൾക്ക് നേരത്തെ പൊതുവിപണിയിലെ വിലയേക്കാൾ 55 ശതമാനം വിലക്കുറവുണ്ടായിരുന്നു. ഇപ്പോൾ 35 ശതമാനമാണ് വിലക്കുറവ്. അത്യാവശ്യം വേണ്ട അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, മുളക് തുടങ്ങിയ വസ്തുക്കൾ എന്നു വരുമെന്ന യാതൊരറിവും ഒരാൾക്കുമില്ല. ഗതാഗതം പോലും തടസ്സപ്പെടുത്തി വരി റോഡിലേക്ക് നീണ്ട കാലം മാറി അടച്ചു പൂട്ടലിന്റെ വക്കിലാണ് മാവേലി സ്റ്റോറുകൾ.