Exclusive താമരചര്‍ച്ചക്ക് വഴിയായ ഇ പി-ദല്ലാള്‍-ശോഭ രാമനിലയം കൂടിക്കാഴ്ചയില്‍ മറ്റൊരു സിപിഎം നേതാവും

Written by Taniniram

Published on:

പി ബാലചന്ദ്രൻ

തൃശൂർ: ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ, ദല്ലാൾ നന്ദകുമാർ എന്നിവരുമായി തൃശൂർ രാമനിലയത്തിലെ കൂടിക്കാഴ്ചയിൽ തൃശൂരിലെ മറ്റൊരു ഉയർന്ന സി.പി.എം നേതാവും പങ്കെടുത്തു.

മൂന്നിലേറെ തവണയാണ് ദല്ലാൾ നന്ദകുമാറുമായി രാമനിലയത്തിൽ ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിൽ ഒരു തവണ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമുണ്ടായി. ഈ കൂടിക്കാഴ്ചയിലെല്ലാം സിപിമ്മിന്റെ തൃശൂരിലെ പ്രമുഖ നേതാവും ഇ പി ജയരാജന്റെ ബെനാമിയെന്നും ആക്ഷേപമുള്ള നേതാവും കൂടെയുണ്ടായിരുന്നു. താനുള്ള സമയത്ത് കണ്ടിരുന്നുവെന്നും എന്നാൽ രാഷ്ട്രീയമാണോ ചർച്ച ചെയ്തതെന്ന് അറിയില്ലെന്നും നേതാവ് തനിനിറത്തിനോട് പ്രതികരിച്ചു. 


വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത് തനിനിറം പത്രം

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ജാഥ തൃശൂരിലെത്തിയ അന്നും രാമനിലയത്തിൽ കൂടിക്കാഴ്ച നടന്നു. അതിന് മുമ്പ് വൈദേഹം റിസോർട്ട് വിവാദം ഉയർന്ന  സമയത്താണ് തുടർച്ചയായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയത്. വൈദേഹം റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറുന്നതിന് ഡീൽ നടത്തിയത് നന്ദകുമാർ ആയിരുന്നുവെന്ന് പറയുന്നു. ഗ്രൂപ്പിസം ശക്തമായതിനെ തുടർന്ന് സിപിഎം തൃശൂർ ജില്ല കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇപി ജയരാജനായിരുന്നു കമ്മിറ്റിയുടെ സെക്രട്ടറി. പഴയ ഓഫീസ് നവീകരിച്ച് ആധുനികവൽക്കരിക്കുന്നതുൾപ്പെടെ ജയരാജന്റെ കാലത്തായിരുന്നു.  വിഎസ് പക്ഷത്തായിരുന്ന തൃശൂർ ജില്ലാ കമ്മിറ്റിയെ പിണറായി പക്ഷത്തേക്കെത്തിക്കുന്നതിലും ജയരാജന്റെ ഇടപെടലായിരുന്നു നിർണായകമായത്. 

സിപിഎമ്മിന് വ്യാപാരി സംഘടനയുണ്ടാക്കി ബെനാമിയാണെന്ന് ആക്ഷേപമുളള്ള നേതാവിനെ തലപ്പത്തേക്ക് വെച്ചതും ജയരാജനാണ്. പാർട്ടി നേതാക്കൾക്ക് ജില്ലാ കമ്മിറ്റിയുടെ വാഹനങ്ങളാണ് വിട്ടുനൽകാറുള്ളതെന്നിരിക്കെ, നെടുമ്പാശേരി എയർപോർട്ടിലോ, ഷൊർണൂർ, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലോ എത്തുന്ന ജയരാജന് വേണ്ടി സ്വന്തം വാഹനം വിട്ട് നൽകുകയും  കൂടെ സഞ്ചരിക്കുന്നതും തൃശൂരിലെ നേതാവാണ്. പാർട്ടിയുടെ ശുദ്ധീകരണം ചർച്ച ചെയ്യാനായി ചേർന്ന പാലക്കാട് പ്ലീനത്തിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിൽ വിവാദ വ്യവസായിയുടെ പരസ്യം ഉൾപ്പെടുത്തി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിന് ഏറെ വിമർശനം നേരിട്ടുവെങ്കിലും, ആ വിവാദ വ്യവസായിയെ വ്യാപാരി സംഘടനയുടെ അംഗത്വത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുകയും തൃശൂരിൽ ചേർന്ന കൺവെൻഷനിലേക്ക് അദ്ദേഹം എത്തുകയും ചെയ്തിരുന്നു. 

ഇതിനിടയിൽ മാധ്യമങ്ങൾ വിഷയം വിവാദമാക്കിയതോടെ അംഗത്വം നൽകുന്നത് മാറ്റിവെച്ചു. ജയരാജന്റെ രാഷ്ട്രീയ-വ്യാവസായിക ഇടപാടുകൾ തൃശൂർ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. സമീപകാലത്ത് പാർട്ടിയെ ഏറെ പ്രതിക്കൂട്ടിലാക്കിയ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പലിശയിടപാടുകാരനുമായി ഏറെ അടുപ്പമുണ്ടെന്നും രാമനിലയത്തിൽ ഇടക്കിടെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അയാളുടെ ഡ്രൈവറും സഹായിയും മൊഴി നൽകിയിരുന്നു. പലിശയിടപാടുകാരനുമായി വിദേശത്ത് വ്യവസായമുണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. പലിശയിടപാടുകാരനുമായി കണ്ണൂർക്കാരൻ എന്ന നിലയിൽ ബന്ധമുണ്ടെന്നും സാമ്പത്തീക ബന്ധമില്ലെന്നുമായിരുന്നു ഇക്കാര്യത്തിൽ ഇപി ജയരാജൻ ഇതിനോട് വിശദീകരണം നൽകിയിരുന്നത്. 

See also  സി.പി.എം നേതാവ് എസ്.രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്…..

എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ  സംഘടനാരംഗത്ത് നിന്നും നിർജീവമായ ജയരാജനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് കൺവീനറാക്കിയിട്ടും പിണക്കം വിട്ടിരുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ കാസർകോട് ചുമതലയുണ്ടായിട്ടും ശ്രദ്ധിച്ചിരുന്നില്ല. എകെജി സെന്ററിലേക്ക് പോകുന്നത് കുറച്ച ജയരാജൻ തൃശൂരിലെത്തിയുള്ള സ്വകാര്യ കൂടിക്കാഴ്ചകളിൽ കുറവുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.

Related News

Related News

Leave a Comment