തിരുവനന്തപുരം: ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി. ജയരാജൻ അവധിയെടുത്തേക്കും. സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. ബാലൻ പുതിയ ഇടതു കൺവീനറാകും. ബി.ജെ.പിയിൽ ചേരാൻ ജയരാജൻ രഹസ്യനീക്കം നടത്തിയെന്നാരോപിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത് വന്നതോടെയാണ് സി.പി.എമ്മിലെ ഏറ്റവും കരുത്തന്മാരിൽ ഒരാളായ, കണ്ണൂർ സിംഹം എന്നു വിളിപ്പേരുള്ള ജയരാജൻ നിലംപൊത്തുന്നത്. ആയൂർവേദ റിസോർട്ട് മുതൽ കരുവന്നൂർ സഹ. ബാങ്കിലെ വിശ്വസ്തനെ ഇ.ഡി കുരുക്കിയതും കോടിയേരി ബാലകൃഷ്ണന്റെ ദേഹവിയോഗത്തിന് ശേഷം സി.പി. എം സംസ്ഥാന സെക്രട്ടറി സ്ഥാനം സ്വപ്നം കണ്ടതും ഉരുക്കു മനസ്സുള്ള ജയരാജനെ ദുർബലമാക്കിയതായി ആരോപണമുയർന്നു. സി.പി.എമ്മിലെ പരമാധികാരിയായ ഒരാൾ സംഘപരിവാർ സംഘടനകളിൽ അഭയം തേടാൻ ശ്രമിച്ചു എന്ന് ആരോപണം പോലും സിപിഎമ്മിനെ പോലുള്ള ഒരു പാർട്ടിക്ക് സഹിക്കാൻ കഴിയുന്നതല്ല. വോട്ടെടുപ്പ് ദിവസം കഴിഞ്ഞാൽ ഉടൻതന്നെ ജയരാജന്റെ രക്തത്തിന് വേണ്ടി എതിരാളികൾ രംഗത്തിറങ്ങും. അതിനുമുമ്പ് ഒരു മുഴം കയർ മുന്നേ എറിയാനാണ് ജയരാജന്റെ തീരുമാനം.
മക്കൾ വിവാദം ശക്തമായപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ കസേരയ്ക്ക് ഇളക്കം തട്ടിയിരുന്നു. എന്നാൽ ഇക്കുറി ജയരാജന്റെ മകനിലേക്കും ആരോപണ മുന കുത്തിക്കയറുകയാണ്. ജയരാജന് പറ്റുന്ന നാക്കുപിഴ പലപ്പോഴും വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ആരോപണം ഉന്നയിച്ചപ്പോൾ നിഷേധിച്ച അതേ ആർജ്ജവം, ശോഭാ സുരേന്ദ്രൻ രംഗത്ത് വന്നപ്പോൾ ജയരാജൻ പ്രകടിപ്പിച്ചില്ല. തനിക്കെതിരെ പലകുറി വിവാദമുയർന്നപ്പോൾ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ സംസ്ഥാന പര്യടനത്തിൽ നിന്ന് ഒഴിഞ്ഞ് നിന്ന് സ്വന്തം വീര്യം പ്രകടിപ്പിച്ച നേതാവാണ് ജയരാജൻ. ജയരാജന് എന്ത് സംഭവിക്കും എന്നുള്ളതാണ് സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്. താമര തണ്ട് ജയരാജൻ ഒടിക്കുമോ അതോ താമരക്കുളത്തിൽ വീണ് ജയരാജൻ മുങ്ങിത്താഴുമോ എന്നുള്ളതെല്ലാം ഇനി കണ്ടറിയണം.
തനിനിറം ദിനപത്രം ഇത് സംബന്ധിച്ച് ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത ഇതിനോടകം തന്നെ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയാണ്.
ആ വാർത്ത ചുവടെ ചേർക്കുന്നു:
ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍ എത്തുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വീര്യം കൂടുന്നു. ഒറ്റനോട്ടത്തില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ശോഭയുടെ വെളിപ്പെടുത്തല്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ളവരെ ബിജെപി ബന്ധത്തില്‍ തളയ്ക്കാന്‍ ശ്രമിച്ച സിപിഎമ്മിന് ഇപിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഞെട്ടലായി. വടകരയിലും കണ്ണൂരിലും മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി തിരിച്ചു പിടിക്കാന്‍ ഇറങ്ങിയ സിപിഎം ശോഭയുടെ പ്രസ്താവനകളെ പുച്ഛിച്ചു തള്ളും. മറുപടി പറയില്ല. എന്നാല്‍ താഴത്തട്ടില്‍ ഇത് വലിയ തിരിച്ചടിയാകും.
ടിപി ചന്ദ്രശേഖരന്റെ വധത്തില്‍ പ്രതികളെ പുകഴ്ത്തി ഇപി ആദ്യ തലവേദനയുണ്ടാക്കി. ബിജെപിയുടെ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന് പറഞ്ഞ് മോദി ഗാരന്റിയും ഇപി ഏറ്റുപിടിച്ചു. ഇതോടെ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ഇപിയോട് സിപിഎം ആവശ്യപ്പെട്ടു. പ്രചരണത്തിലും ഇടതു കണ്‍വീനര്‍ കൂടിയ ഇപി കരുതലോടെ നീങ്ങി. ഇതിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളായ അനില്‍ ആന്റണിക്കും ശോഭാ സുരേന്ദ്രനും എതിരെ ദല്ലാള്‍ നന്ദകുമാര്‍ രംഗത്തു വ്ന്നത്. ശോഭയുമായുള്ള നന്ദകുമാറിന്റെ ആരോപണ പ്രത്യാരോപണങ്ങള്‍ ഇപിയെ കൂടി വിവാദങ്ങളിലേക്ക് കൊണ്ടു വന്നു. ശോഭ പുറത്തു വിട്ട തെളിവുകള്‍ക്ക് മൂര്‍ച്ഛയും കൂടുതലാണ്. ഇതിനെ എങ്ങനെ ഇപി പ്രതിരോധിക്കുമെന്നതാണ് ശ്രദ്ധേയം. ഏതായാലും വോട്ടെടുപ്പ് കഴിഞ്ഞാല്‍ സിപിഎം ഇക്കാര്യങ്ങളില്‍ പരിശോധന നടത്തും. അപ്രതീക്ഷിതമായി ഒരായുധം കൂടി കിട്ടിയ ആവേശത്തിലാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കണ്ണൂരിലെ സ്ഥാനാര്‍ത്ഥി കൂടിയായ കെ സുധാകരന്‍.
ജയരാജനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് സുധാകരനായിരുന്നു. ഇതിന് പിന്നാലെ ഇപി നിഷേധവുമായി എത്തി. എന്നാല്‍ പ്രകാശ് ജാവദേക്‌റുമായി ജയരാജന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാറും പറഞ്ഞു വച്ചു. അതിന് ശേഷമായിരുന്നു ശോഭയുടെ വെളിപ്പെടുത്തലുകളും തെളിവ് പുറത്തേക്ക് കാണിക്കലും. ഇത് വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ചര്‍ച്ച ചെയ്യുന്ന വിഷയമായി മാറുകയും ചെയ്തു. തല്‍കാലം ചര്‍ച്ചകളില്‍ നിന്നും സിപിഎം വിട്ടു നില്‍ക്കും. ഉണ്ടായില്ലാ വെടിയെന്ന് പറയുകയും ചെയ്യും. എന്നാല്‍ ഇപിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്ന് സിപിഎമ്മിന് പരിശോധിക്കേണ്ട സാഹചര്യവും വരും. ഇപിയുടെ നിയന്ത്രണത്തിലുള്ള വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനുള്ള പങ്കും നേരത്തെ ചര്‍ച്ചയായിരുന്നു. ഇതും സിപിഎമ്മിന് വലിയ തലവേദനയായിരുന്നു.
ഇതിനും അപ്പുറത്തേക്കാണ് ശോഭയുടെ വെളിപ്പെടുത്തലിന്റെ ആഘാതം എത്തിക്കുന്നത്. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകന്‍ അയച്ച വാട്സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ ചിലത് സംഭവിച്ചുവെന്ന് വ്യക്തമായി.
‘2023 ഏപ്രില്‍ 24-ാം തീയതി ശോഭാസുരേന്ദ്രന് ഡല്‍ഹിയിലേക്ക് പോകാന്‍ നന്ദകുമാര്‍ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന് എന്തിനാണ് എന്റെ വാട്സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാന്‍ കാണുന്നത് 2023 ജനുവരി 18-ാം തിയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് ഞാന്‍ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയില്‍ ചേരാന്‍ വന്നാലും എട്ട് സംസ്ഥാനങ്ങളുടെ ചുമതലക്കാരിയായിട്ടുള്ള എനിക്ക് ചര്‍ച്ചനടത്താന്‍ കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. അത് ഇനിയും തുടരും’, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ജയരാജന്‍ കേരളത്തില്‍ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി എന്തും ചെയ്യാന്‍ മടിയില്ലാത്ത നേതാവാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്രയും കാലം പറയാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തിഹത്യ നടത്തിയ ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒരു സ്ത്രീയെ വ്യക്തിപരമായി അങ്ങേയറ്റം അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാര്‍ ശ്രമിച്ചത്. തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഡിജിപിക്കടക്കം നന്ദകുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെ ദല്ലാളിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു ശോഭാ സുരേന്ദ്രന്‍