തിരുവനന്തപുരം: പോളിങ് ദിനത്തില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ആദ്യം ഇപി ജയരാജന്റെ ആത്മകഥയുടെ വിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത്. പിന്നാലെ മറ്റ് മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇപി ജയരാജന്‍ വാര്‍ത്ത നിഷേധിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. കവറും ലേ ഔട്ടും പൂര്‍ത്തീകരിച്ച രീതിയിലാണ് പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്ത് വന്നിട്ടുളളത്. ഇപി തന്റെ നിലപാടില്‍ ഉറച്ച് നിന്നാല്‍ വലിയ നിയമ യുദ്ധത്തിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുന്നത്. ഡിസി ബുക്‌സ് എന്ന സ്ഥാപനത്തിന്റെ വിശ്വസ്യതയും ചോദ്യം ചെയ്യപ്പെട്ടേക്കാം.
അതേ സമയം കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്ന് ഡിസി ബുക്സ്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡിസി വിശദീകരിച്ചു. ഇപി ജയരാജന്റെ ആത്മകഥയെന്നായിരുന്നു ഈ പുസ്തകത്തെ ഡിസി വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ ഇങ്ങനൊരു പുസ്തകമേ എഴുതിയിട്ടില്ലെന്ന് ഇപി തുറന്നു പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിവാദം ആളിക്കത്തിക്കേണ്ടെന്ന് തീരുമാനിച്ചു. പുസ്തക പ്രസാധനം മാറ്റി. കേരളത്തിന്റെ പുസ്തക പ്രകാശന ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത വിവാദമാണ് ഇപിയുടെ പേരിലുള്ള പുസ്തകമുണ്ടാക്കിയത്.